കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയും നടപടിയും തുടരുന്നു. ജഹ്റ ഗവർണറേറ്റിൽ 21 ഫാർമസികളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പരിശോധനയിൽ 21 ഫാർമസികളിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദിന്റെ നിർദേശപ്രകാരം മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റാണ് രാജ്യവ്യാപകമായി ഫാർമസികളിൽ പരിശോധന നടത്തുന്നത്. ഡി.ഐ.ഡിയിൽനിന്നുള്ള ഏഴു വ്യത്യസ്ത സംഘം കാമ്പയിനിൽ പങ്കെടുക്കുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച്, സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നതിനായി മന്ത്രി ഡോ. ഖാലിദ് അൽ സയീദ് കഴിഞ്ഞമാസം രണ്ടു സുപ്രധാന തീരുമാനം പുറപ്പെടുവിച്ചു.
സ്വകാര്യ ഫാർമസികൾ ആരംഭിക്കാനുള്ള ലൈസൻസ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായിരുന്നു ഒന്ന്. സ്വകാര്യമേഖലയിൽ പുതിയ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതും കുവൈത്തികളല്ലാത്തവർക്ക് ഫാർമസി പ്രൊഫഷൻ അനുവദിക്കുന്നതും മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകുന്നതുവരെ നിർത്തിവെക്കുന്നതായിരുന്നു മറ്റൊന്ന്. ഇതുപ്രകാരമാണ് സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.