ദോഹയിലെത്തിയ യു.എ.ഇ ഫുട്ബാൾ ടീം
ദോഹ: ജൂൺ പിറന്നു, ഇനി ലോകകപ്പ് പോരിടത്തിൽ അവശേഷിക്കുന്ന മൂന്നിൽ രണ്ടു ടീമുകൾ ആരൊക്കെയെന്ന് അറിയാനുള്ള പോരാട്ടത്തിന് ഖത്തർ വേദിയാവുന്ന നാളുകൾ. ജൂൺ ഏഴ്, 13, 14 തീയതികളിലായി നടക്കുന്ന പ്ലേഓഫ് മത്സരങ്ങളിൽ പന്തുതട്ടാനുള്ള ടീമുകൾ ഖത്തറിന്റെ മണ്ണിൽ പറന്നിറങ്ങി.
ജൂൺ ഏഴിന് നടക്കുന്ന ഏഷ്യൻ യോഗ്യതാ റൗണ്ട് പ്ലേഓഫിൽ മാറ്റുരക്കുന്ന യു.എ.ഇ, ആസ്ട്രേലിയ ടീമുകളാണ് ആദ്യം ഖത്തറിലെത്തിയത്. അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സന്നാഹത്തോടെയാണ് എത്തിയത്.
യു.എ.ഇ സ്വന്തം മണ്ണിൽ ഗാംബിയക്കെതിരെ കളിച്ചാണ് വരുന്നത്. 1-1ന് മത്സരം സമനിലയിലായിരുന്നു. ആസ്ട്രേലിയ അവസാന വട്ട പോരാട്ടത്തിൽ ബുധനാഴ്ച രാത്രി ജോർഡനെ നേരിടും. യു.എ.ഇ-ആസ്ട്രേലിയ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിലെ വിജയികളാകും ജൂൺ 13ന് പെറുവിനെതിരെ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ മത്സരിക്കുന്നത്. വിജയികൾ, നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.
29 അംഗ യു.എ.ഇ ടീമാണ് ഖത്തറിലെത്തിയത്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഗാലറിയുടെ പിന്തുണ ഒരുക്കുന്നതിന് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ 5000 ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ലോകകപ്പിലും യോഗ്യത നേടിയവരാണ് ആസ്ട്രേലിയ. 1990ലാണ് യു.എ.ഇ ലോകകപ്പിൽ കളിച്ചത്. യോഗ്യത നേടിയാൽ രാജ്യത്തിന്റെ രണ്ടാം ലോകകപ്പായിരിക്കുമിത്.
32 ടീമുകൾ മാറ്റുരക്കുന്ന ഖത്തർ ലോകകപ്പിലേക്ക് ഇനി മൂന്ന് ടീമുകൾക്കാണ് അവസരമുള്ളത്. ഇതിനകം യോഗ്യത നേടിയ 29 ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ് കഴിഞ്ഞിരുന്നു. നാല് ടീമുകൾ വീതമാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. എന്നാൽ, ഗ്രൂപ്പ് ബി, ഡി, ഇ എന്നിവയിൽ മൂന്ന് ടീമുകൾ മാത്രമാണുള്ളത്. ഈ ഗ്രൂപ്പിലേക്ക് ഓരോ ടീമുകൾക്ക് വീതം അവസരമുണ്ട്.
ജൂൺ 14നാണ് ന്യൂസിലൻഡ്-കോസ്റ്ററീക മത്സരം. അതിന് മുമ്പ് ന്യൂസിലൻഡ് പെറുവിനെതിരെ സ്പെയിനിൽ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ജൂൺ ഒമ്പതിന് ഖത്തറിൽ ഒമാനെതിരെയും സന്നാഹം കളിക്കും. കോൺകകാഫ് നാഷൻസ് ലീഗിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞാവും കോസ്റ്ററീക ഖത്തറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.