പാറക്കൽ അബ്ദുല്ല
ദോഹ: ഖത്തർ പ്രവാസി വ്യവസായിയും കുറ്റ്യാടി നിയുക്ത എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല വരാനിരിക്കുന്ന സംസ്ഥാന മന്ത്രിസഭയിലേക്ക്. മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചപ്പോഴാണ് ആറാമനായി പാർട്ടിയുടെ കോഴിക്കോട് ജില്ലയിലെ ജനകീയ മുഖവും സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല ഇടംപിടിച്ചത്. ടേം വ്യവസ്ഥയിൽ രണ്ടര വർഷത്തിന് ശേഷമാകും അദ്ദേഹം മന്ത്രിയായി ചുമതലയേൽക്കുക. മന്ത്രിതല ചർച്ചകളുടെ തുടക്കം മുതൽ തന്നെ പാറക്കൽ അബ്ദുല്ലുടെ പേര് മുസ് ലിം ലീഗ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ടേം വ്യവസ്ഥയിൽ പരിഗണിക്കുകയായിരുന്നു.
ഖത്തറിലെ സാമൂഹിക -രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പാറക്കൽ അബ്ദുല്ല മന്ത്രിസഭയിലേക്ക് വരുന്നത് പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ഖത്തറിലെ പ്രവാസി മലയാളികൾപ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പ്രവാസി പ്രശ്നങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത് പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ കെ.എം.സി.സി.യുടെ മുൻ ജനറൽ സെക്രട്ടറിയായ അദ്ദേഹം ഖത്തറിലെ മലയാളി പ്രവാസികളുടെ സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും കെ.എം.സി.സിയുടെ പ്രവാസി സുരക്ഷാ പദ്ധതികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
പ്രവാസലോകത്ത് അദ്ദേഹം കാഴ്ചവെച്ച സംഘാടക മികവാണ് അദ്ദേഹത്തെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലേക്ക് ഉയർത്തിയത്. തുടർന്ന് 2016-ൽ കുറ്റ്യാടി മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം പ്രവാസികളുടെയും സാധാരണക്കാരുടെയും ശബ്ദമായി സഭക്കകത്തും പുറത്തും തിളങ്ങിയിരുന്നു. നിയമസഭയിൽ പ്രവാസി വിഷയങ്ങൾ ഉന്നയിക്കുന്നതിലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും, ഇത്തവണ മികച്ച തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.
പാറക്കൽ അബ്ദുല്ല മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നു എന്ന വാർത്ത വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഖത്തറിലെ മലയാളി സമൂഹം സ്വീകരിച്ചത്. കെ.എം.സി.സി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജീവകാരുണ്യ -പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പദവിയെന്ന് ഖത്തറിലെ പ്രവാസി പ്രമുഖർ പ്രതികരിച്ചു. മികച്ച പരിഗണനയിലൂടെ പ്രവാസി സമൂഹത്തിന്റെ ശബ്ദം ഭരണതലത്തിൽ എത്തിക്കാനും പരിഹാരം കാണാനും ഇതിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവാസി മലയാളി കൂട്ടായ്മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.