ഫോക് ഖത്തർ ഭാരവാഹികളുടെ യോഗത്തിൽനിന്ന്

പാസ്പോർട്ട് ഫീസ് വർധനക്കെതിരെ ഫോക് ഖത്തർ പ്രതിഷേധിച്ചു

ദോഹ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് ഗണ്യമായി വർധിപ്പിച്ച തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫോക് ഖത്തർ. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളെയും നാട്ടിലെ സാധാരണക്കാരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഈ വർധന അടിയന്തരമായി പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഫോക് ഖത്തർ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല, ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. തൊഴിൽ, പഠനം, ചികിത്സ, കുടുംബസംഗമം തുടങ്ങി അനിവാര്യ ആവശ്യങ്ങൾക്കായി പാസ്പോർട്ട് എടുക്കുകയും പുതുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഈ ഫീസ് വർധനവിന്റെ ഏറ്റവും വലിയ ഭാരം ഏറ്റുവാങ്ങേണ്ടി വരുന്നത്.

പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഈ അധിക സാമ്പത്തിക ബാധ്യത വലിയ തിരിച്ചടിയാകും. ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾക്ക് പാസ്പോർട്ട് എടുക്കുകയോ പുതുക്കുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ചെലവ് ഗണ്യമായി ഉയരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിദേശങ്ങളിൽ കുടുംബ സമേതം താമസിക്കുന്നവർക്കു നിലവിൽ വിമാന ചെലവ് തന്നെ വൻ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് വർധിപ്പിച്ച പാസ്പോർട്ട് ഫീസ് പിൻവലിക്കുകയോ, കുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി ബിജു സി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ് തിക്കോടി യോഗം ഉദ്ഘാടനം ചെയ്തു. ഫൈസൽ മൂസ പ്രമേയം അവതരിപ്പിച്ചു. രഞ്ജിത്ത് ചാലിൽ, മുസ്തഫ എം.വി, ദീപ്തി, അഡ്വ. റിയാസ്, സക്കീർ ഹുസൈൻ, കെ.കെ.വി മുഹമ്മദ്‌ അലി, സാജിദ് ബക്കർ, അഷ്‌റഫ്‌ വടകര, റിയാസ് ബാബു, ശരത് സി. നായർ, റംല ബഷീർ, സിറാജ് സിറു, സമീർ എൻ., രശ്മി ശരത് എന്നിവർ സംസാരിച്ചു. ട്രഷറർ മൻസൂർ അലി നന്ദി പറഞ്ഞു.

Tags:    
News Summary - Folk Qatar protests against passport fee hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.