ഹൃദയത്തിൽ നിറഞ്ഞ ലോകകപ്പ് ഓർമകൾ

മൂന്ന് വടക്കെ അമേരിക്കൻ രാജ്യങ്ങളിൽ ലോകകപ്പ് പന്തുകളരുളുമ്പോൾ ഖത്തറിലെ ഓരോ പ്രവാസിയുടെ ഓർമകളും അറിയാതെ നാലു വർഷം പിറകോട്ടു സഞ്ചരിക്കുന്നു. മധ്യപൂർവദേശ രാജ്യങ്ങളിൽ നടന്ന ആദ്യ ലോകകപ്പ് ഫുട്ബാൾ ഖത്തറിൻ്റെ ഒരു മഹോത്സവമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ആളും ആരവവും അതിലേറെ ആവേശവും നിറഞ്ഞ ഒരു മാസക്കാലം ആഘോഷങ്ങളുടെ നിറവിലായിരുന്നു ഖത്തർ.

ഖത്തർ എന്ന കുഞ്ഞു രാജ്യത്തിന് ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. എന്നാൽ അവരെയൊക്കെ അത്ഭുതപ്പെടുത്തിയത് പൊതുവെ തിരക്ക് നിറഞ്ഞ ദോഹയുടെ റോഡുകൾ പതിവിൽനിന്ന് വിപരീതമായി തിരക്കൊഴിഞ്ഞതായി കണ്ടു എന്നുള്ളതാണ്. അതിന് സാധ്യമാക്കിയതാകട്ടെ ഖത്തർ മെട്രോ സംവിധാനമായിരുന്നു. മെട്രോ എന്ന പൊതു ഗതാഗത സംവിധാനം കാര്യക്ഷമമായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് തിരക്ക് നിയന്ത്രണ വിധേയമായി. ദോഹ മെട്രോയുടെ ഭൂരിഭാഗ പാതകളും ഭൂഗർഭ പാതകളായത് കൊണ്ട് തന്നെ യാത്രാ സംവിധാനം കൂടതൽ വേഗത്തിലും സുഖകരവുമായിരുന്നു.

ഫുട്ബാൾ കാണാൻ എത്തുന്നവർക്ക് തികച്ചും സൗജന്യമായിരുന്ന മെട്രോ യാത്രയിലുടനീളം സംഘാടനത്തിൻ്റെ മികവ് വ്യക്തമായിരുന്നു. മത്സരദിനങ്ങളിൽ മെട്രോ സ്റ്റേഷനുകൾ ആവേശത്തിന്റെ കടലാവുകയായിരുന്നു. ഓരോ രാജ്യത്തെയും പിന്തുണക്കുന്നവർ അവരവരുടെ ടീമിൻ്റെ കൊടികളേന്തിയും, ഇഷ്ട ടീമിൻ്റെ നിറങ്ങൾ മുഖത്തും തലയിലും ഛായം പൂശിയും, ആർപ്പു വിളിച്ചും ഒഴുകി നടന്നത് ഓർമകളുടെ കലവറകളിൽ നിറഞ്ഞു നിൽക്കുന്ന മനോഹര ദൃശ്യങ്ങളാണ്.

അതുപോലെ തന്നെ വൈവിധ്യങ്ങളുടെ മറ്റൊരു സംഗമ ഭൂമിയായിരുന്നു സ്റ്റേഡിയങ്ങൾ. വ്യത്യസ്ഥ രാജ്യക്കാരായ, വിവിധ ഭാഷകൾ സംസാരിക്കുന്ന, പല പല സംസ്കാരങ്ങൾ പേറുന്ന അനേകായിരം മനുഷ്യർ ഒരു മേൽക്കൂരക്ക് കീഴിൽ ഒരുമിച്ചിരുന്ന് കളിക്കാർക്ക് ആവേശം പകരുമ്പോൾ ഒരു സാംസ്കാരിക കൈമാറ്റത്തിന് സാക്ഷിയാവാൻ കഴിഞ്ഞതിൻ്റെ സന്തോഷവും ചാരിതാർത്ഥ്യവും എനിക്കുമുണ്ട്. ഖത്തർ ലോകകപ്പ് ഫുട്ബാൾ തിളക്കത്തിന്റെ മറ്റൊരു മനോഹാരിതയായിരുന്നു ഫാൻ സോണുകൾ. കളി മൈതാനങ്ങളിൽ എത്താൻ പറ്റാത്തവർക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ കൂറ്റൻ സ്ക്രീനുകൾ , കുടുംബ - സൗഹൃദ കൂട്ടായ്മകളോടൊപ്പം ഇരുന്ന് തങ്ങളുടെ ഇഷ്ടതാരങ്ങൾ അവരുടെ കാലുകൾ കൊണ്ട് മാന്ത്രികത തീർക്കുന്നത് കൺകുളിർക്കെ കാണാൻ കഴിഞ്ഞു എന്നുള്ളതും ഖത്തർ ലോകകപ്പ് ഓർമകളുടെ ഏടുകളിൽ അടുക്കിവെക്കപ്പെട്ട പൊൻതൂവലുകളാണ്. ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന തിരക്കേറിയ ആ ദിന രാത്രികളുടെ ഓർമകൾ ഹൃദയത്തിൽ നിറഞ്ഞ ഉത്സവമായിരുന്നു.

Tags:    
News Summary - Heart-warming World Cup memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.