ഫിഫ അറബ് കപ്പ് സന്ദർശകരുടെ എണ്ണം പത്തു ലക്ഷം പിന്നിടുന്നത്
ഗാലറിയിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ
ദോഹ: അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും ഒന്നിപ്പിച്ച് മേഖലയിൽ ആവേശമായി ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ആസ്വദിക്കാനെത്തിയത് റെക്കോർഡ് ആരാധകർ. ക്വാർട്ടർ ഫൈനൽ അടക്കം ഇതുവരെയുള്ള മത്സരങ്ങൾ കാണാനാണ് 1,022,592 കാണികൾ വിവിധ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തിയത് മൊറോക്കോയും സൗദിയും തമ്മിലുള്ള മത്സരത്തിനായിരുന്നു. 78,131 കാണികളാണ് ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരം വീക്ഷിക്കാനെത്തിയത്. അറബ് കപ്പിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിനെത്തുന്ന റെക്കോഡ് ജനക്കൂട്ടമാണിത്. സൗദി അറേബ്യയും ഫലസ്തീനും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം കാണാൻ 77,197 പേരെത്തി. സെമി, ഫൈനൽ പോരാട്ടങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.
ടൂർണമെന്റിന് വർധിച്ചുവരുന്ന ജനപ്രീതിയും സംഘാടന വിജയത്തെയും സന്ദർശകരുടെ റെക്കോർഡ് എണ്ണത്തെ അടിവരയിടുന്നു. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചും കായികരംഗത്തും മറ്റ് മേഖലകളിലുമുള്ള ഖത്തറിന്റെ മികവ് പ്രദർശിപ്പിച്ചുമാണ് ഖത്തറിൽ രണ്ടാമതും അറബ് കപ്പിന് വേദിയൊരുക്കിയത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും സംഘാടനവും കാണികൾക്ക് മത്സരങ്ങൾ സുഗമമായി വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി. ലോകകപ്പിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സംഘാടകർക്ക് സാധിച്ചു.
തിങ്കളാഴ്ച സെമി പോരാട്ടങ്ങൾ ആരംഭിക്കും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് നടക്കുന്ന ആദ്യ സെമിയിൽ മൊറോക്കോ യു.എ.ഇയെ നേരിടും. സൗദിയും ജോർഡനും തമ്മിലാണ് രണ്ടാം സെമി. അൽ ഖോറിലെ അൽ ബെയ്തിലാണ് മത്സരം. ഡിസംബർ18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഫിഫ അറബ് കപ്പിനെത്തുന്ന ഫുട്ബാൾ ആരാധകരെ വരവേറ്റ് ഫാൻ സോണുകൾ സജീവമാണ്. ഓരോ മത്സര ദിവസവും ആയിരക്കണക്കിന് ആരാധകരാണ് ഫാൻ സോണുകളിൽ എത്തുന്നത്. ഓരോ മത്സരത്തിനും മുന്നോടിയായി ഒരുക്കിയിട്ടുള്ള ഫാൻ സോണുകൾ അറബ് സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി സമൂഹത്തെ ഒന്നിപ്പിക്കുന്ന വേദിയാണ്.
ടൂർണമെന്റുകൾ നടക്കുന്ന ആറ് സ്റ്റേഡിയങ്ങളോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഫാൻ സോണുകളിൽ മേഖലയിലെ വൈവിധ്യമാർന്ന പാചക, സാംസ്കാരിക വൈവിധ്യങ്ങളെ അനുഭവിച്ചറിയാൻ നിരവധി പ്രാദേശിക ബിസിനസ് സംരംഭങ്ങളും, വിവിധ കലാകാരന്മാരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 77ലധികം പ്രാദേശിക ഭക്ഷണ-പാനീയ ബിസിനസ് സംരംഭകർക്ക് ഫാൻ സോണുകളിൽ പ്രത്യേകമായ ഇടം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.