ദോഹ: രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ‘ലബൈഹ്’ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ആരോഗ്യ മേഖലയിൽ ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചുവടുവെപ്പ്. നിരവിധി അരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഈ ആപ്ലിക്കേഷനിലൂടെ രോഗികൾക്ക് സാധിക്കും. മെഡിക്കൽ അപ്പോയന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും പുനഃക്രമീകരിക്കാനും ആവശ്യമായ മെഡിക്കൽ രേഖകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാനും ആപ്പിലൂടെ സാധിക്കും. മെഡിക്കൽ ഡേറ്റയും പരിശോധന ഫലങ്ങളും മറ്റു സേവനങ്ങളും ലബൈഹ് ആപ്പിൽ ലഭ്യമാകും.
പ്രധാനപ്പെട്ട വിവരങ്ങൾ, ലാബ് പരിശോധന ഫലങ്ങൾ, മരുന്ന് കുറിപ്പടികൾ തുടങ്ങിയവ രോഗികൾക്ക് ആപ്പിലൂടെ ലഭ്യമാണ്. കൂടാതെ അറിയിപ്പുകളും അപ്പോയന്റ്മെന്റ് ഓർമപ്പെടുത്തലുകളും അലർട്ടുകളായി ഉപയോക്താക്കളെ ലബൈഹ് ആപ് അറിയിക്കും. സാങ്കേതികവിദ്യയും നവീകരണവും അടിസ്ഥാനമാക്കി, ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ടാണ് പുതിയ ആപ് ലോഞ്ച് ചെയ്തത്.
എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ ലളിതമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ആപ്പിൾ ആപ് സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ഖത്തർ നാഷനൽ ഓതന്റിക്കേഷൻ ഐ.ഡി ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തുന്നത്. തുടർന്നുള്ള ലോഗിൻ എളുപ്പമാക്കുന്നതിന് ഫിംഗർപ്രിന്റ് അല്ലെങ്കിൽ മുഖം തിരിച്ചറിയൽ ഓപ്ഷനുകൾ പ്രവർത്തനക്ഷമമാക്കാം.ആരോഗ്യ സംരക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായുള്ള എച്ച്.എം.സിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.