ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തറും ഫ്രാൻസും തമ്മിലുള്ള ബന്ധം ദൃഢവും ചരിത്രപ്രാധാന്യവുമുള്ളതാണെന്നും വാണിജ്യ, സാംസ്കാരിക, കായിക, സുരക്ഷ, വിദേശനയ, സൈനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭേദ്യമായ സഹകരണമാണ് നിലനിൽക്കുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഫ്രഞ്ച് മാഗസിൻ 'ലെ പോയന്റി'ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അമീർ വിവിധ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കിയത്.
മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമെത്തുന്ന ലോകകപ്പിന് ആതിഥേയരെന്ന നിലയിൽ മത, ദേശ, വർണ, സംസ്കാര ഭേദമന്യേ എല്ലാവരെയും ഖത്തർ സ്വാഗതം ചെയ്യുകയാണെന്നും വ്യത്യസ്ത സംസ്കാരങ്ങളെ തൊട്ടറിയാനും അനുഭവിക്കാനും ഖത്തറിന്‍റെ തനത് സംസ്കാരത്തെ കൂടുതലറിയുന്നതിനും ഈ മഹത്തായ സംഭവം അവർ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമീർ പറഞ്ഞു.
ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ, ഖത്തറിന്‍റെ വിദേശനയം, സ്ത്രീശാക്തീകരണം, സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾ, വിദ്യാഭ്യാസം, അഭിപ്രായ സ്വാതന്ത്ര്യം, ഊർജ മേഖലയിലെ ആനുകാലിക സംഭവങ്ങൾ, ജി.സി.സി-ഇറാൻ ബന്ധം, ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ അമീർ അഭിപ്രായം പ്രകടിപ്പിച്ചു. സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.
-ഭൂമിശാസ്ത്രപരമായി ഖത്തർ വളരെ ചെറിയ രാജ്യങ്ങളിലൊന്നാണ്. എന്നാൽ ഏത് രാജ്യത്തിനും അത് വലുതായാലും ചെറുതായാലും ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ സുപ്രധാന ഇടപെടലുകൾ നടത്താൻ സാധിക്കും. ഖത്തറിനെ സംബന്ധിച്ച് അതിന്‍റെ വിദേശനയംതന്നെ വ്യത്യസ്ത വീക്ഷണങ്ങളെ ഒരുമിപ്പിക്കുകയെന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവർക്കെല്ലാം സാധ്യമാകുംവിധത്തിൽ അത് നൽകുക, മേഖലയിലായാലും അതിന് പുറത്താണെങ്കിലും വിവിധ വിഷയങ്ങളിൽ മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിനുള്ള സൗകര്യമൊരുക്കുക എന്നിവയെല്ലാം വിദേശനയത്തിലുൾപ്പെടുന്നു. നയതന്ത്ര പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ലോകം തേടുന്നത് സന്ധിസംഭാഷണങ്ങളും ചർച്ചകളുമാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് അഫ്ഗാനിൽ ഞങ്ങളെന്ത് ചെയ്തെന്നുള്ളത്. വളരെ രമ്യമായി അഫ്ഗാനിസ്താൻ പ്രശ്നം പരിഹരിക്കാനും മാധ്യസ്ഥ്യ ചർച്ചകൾക്ക് വേദിയാകാനും ഖത്തറിന് സാധിച്ചു. ഊർജ മേഖലയിൽ ആഗോള തലത്തിൽതന്നെ ഖത്തർ ഏറ്റവും വിശ്വാസ്യതയാർജിച്ച സേവനദാതാക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.
- ആദ്യമായി, വിദ്യാഭ്യാസം എന്നത് പരമപ്രധാനമാണ്. പ്രത്യേകിച്ചും പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ഒരു രാജ്യത്തിന്. ചരിത്രത്തിൽനിന്ന് അതിന്‍റെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. 1930 വരെ മുത്ത് വാരലിനും മുത്ത് വ്യാപാരത്തിനും പേരുകേട്ടവരായിരുന്നു ഞങ്ങൾ. എന്നാൽ, രണ്ടാംലോക യുദ്ധത്തിന് ശേഷം ഇത് ചൂഷണം ചെയ്യാനും പുറത്തേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങി. 1970കളിലാണ് പ്രകൃതിവാതകം കണ്ടെത്തുന്നത്. അതിന്‍റെ വിപണിമൂല്യം വളരെ കുറവായിരുന്നു. കാരണം, എല്ലാവർക്കും ആവശ്യമുണ്ടായിരുന്നു. റിസ്കെടുക്കാൻ ഖത്തർ തയാറാവുകയും ഭീമമായ തുക ഇതിനായി നിക്ഷേപിക്കുകയും ചെയ്തു. അത് കടത്തിലേക്ക് തള്ളിയിട്ടു. ആവശ്യമായ വിഭവങ്ങളുടെ അപര്യാപ്തതയും, അത് ശാശ്വതവുമല്ല എന്നതുമായിരുന്നു ഇതിന് കാരണമെന്ന പാഠം ഞങ്ങൾ പഠിച്ചു. പ്രത്യേകിച്ച് മാനുഷിക വിഭവശേഷിയിൽ. നമ്മളിൽ നാം നിക്ഷേപമിറക്കണം, മാനുഷിക മൂലധനത്തിൽ.
വിദ്യാഭ്യാസം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസത്തിലൂന്നിയല്ലാത്ത ഒരു സമൂഹത്തിനും വളരാൻ സാധിക്കുകയില്ല. അതിനാൽതന്നെ സ്കൂളുകൾ വികസിപ്പിക്കാനും പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിലുമാണ് ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിന്‍റെ ഭാഗമായി വിദേശ സർവകലാശാലകളെയും കോളജുകളെയും ഇവിടേക്ക് ക്ഷണിച്ചു. അതോടൊപ്പം സാമ്പത്തിക വൈവിധ്യവത്കരണം എന്ന ലക്ഷ്യം മുൻനിർത്തി ഒമ്പത് മേഖലകളും ഖത്തർ ആരംഭിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യ, ആരോഗ്യം, ശാസ്ത്രം, വിനോദസഞ്ചാരം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥയിൽ ആത്മവിശ്വാസമുണ്ട്.
- ഒരു കാര്യം ശ്രദ്ധിക്കുക. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഭാവിയിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. പുതിയൊരു ഘട്ടത്തിലേക്ക് ഞങ്ങൾ കടന്നിരിക്കുന്നു. ഈ സഹകരണ രാജ്യങ്ങളുടെ കൂട്ടായ്മ ഭാവിയിലേക്ക് തയാറെടുക്കുകയാണ്. ജി.സി.സിയെന്ന കൂട്ടായ്മ വലിയൊരു ലക്ഷ്യവുമായി മുന്നോട്ടുനീങ്ങുകയാണ്. ഐക്യവും സഹകരണവും അനിവാര്യമായ സമയമാണിത്.
-കഴിഞ്ഞ സംഭവങ്ങൾ ചികയുന്നതിൽ പ്രയോജനമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഇറാനുമായി ബന്ധപ്പെട്ട് ചോദിച്ചല്ലോ, ഖത്തറിനെ സംബന്ധിച്ച് ഇറാൻ വളരെ പ്രധാനപ്പെട്ട സഹകരണ രാഷ്ട്രമാണ്. ചരിത്രത്തോളം പഴക്കമുണ്ട് അവരുമായുള്ള ബന്ധത്തിന്. കൂടാതെ ഖത്തറിന്‍റെ പ്രധാന പ്രകൃതിവാതക പാടം ഇറാനുമായി പങ്കുവെക്കുന്നുമുണ്ട്. എല്ലാ ജി.സി.സി രാജ്യങ്ങളും ഇറാനുമായും നേരെ തിരിച്ചും സംസാരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ഭിന്നതകളുണ്ടായിരിക്കാം, അത് സ്വാഭാവികമാണ്. എല്ലാവർക്കും അവരുടേതായ ന്യായങ്ങളും. എന്നിരുന്നാലും ഒരുമിച്ചിരിക്കണം, പുറത്തുനിന്നുള്ള ഒരിടപെടലുകളും അനുവദിക്കാതെതന്നെ പരസ്പരം നേരിട്ട് ഇരുന്ന് ചർച്ചകൾ നടത്തണം.
-ഒരു ബന്ധവുമില്ല. അവരുടെ സജീവമായ അംഗങ്ങളോ ബന്ധപ്പെട്ട സംഘടനകളോ ഖത്തറിൽ പ്രവർത്തിക്കുന്നില്ല. ഖത്തർ ഒരു തുറന്ന പുസ്തകമാണ്. നിരവധി ആളുകൾ വ്യത്യസ്ത അഭിപ്രായമുള്ള, ആശയങ്ങൾ പിൻപറ്റുന്നവർ ഇവിടെ വരുന്നു, പോകുന്നു. ഒരുകാര്യം ഓർമിപ്പിക്കുന്നു, ഖത്തർ ഒരു പാർട്ടിയല്ല, ഒരു രാജ്യമാണ്. രാജ്യങ്ങളുമായും അവരുടെ തിരഞ്ഞെടുത്ത ഭരണകൂടങ്ങളുമായുമാണ് ഖത്തർ ഇടപാടുകൾ നടത്തുന്നത്. രാഷ്ട്രീയ സംഘടനകളുമായിട്ടല്ല.
-അത് ഞങ്ങളുടെ നയത്തിന്‍റെ ഭാഗമാണ്. അഭിപ്രായ ഭിന്നതകളുള്ളവരെ ഒരുമിച്ചിരുത്തുകയെന്നത് വിദേശനയത്തിന്‍റെ ഭാഗമാണെന്ന് നേരത്തെ സൂചിപ്പിച്ചു. താലിബാൻ വിഷയത്തിൽ വർഷങ്ങളായുള്ള ചർച്ചകളാണ് നടത്തിയത്. അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ചർച്ചകൾക്കായി ഖത്തർ അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ വർഷം സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നിരുന്നാലും അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായും വളരെ അടുത്താണ് പ്രവർത്തിച്ചത്. അതിൽ ഫ്രാൻസും ഉൾപ്പെടും. ഇറാൻ വിഷയത്തിൽ ഒരു കക്ഷിയും ഔദ്യോഗികമായി ഞങ്ങളെ സഹായിച്ചിട്ടില്ല. കാരണം, ഇറാൻ ഞങ്ങളുടെ അയൽരാജ്യമാണ്. എല്ലാ കക്ഷികളെയും ഒരുമിച്ചിരുത്തി അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതേസമയം, അതിനെതിരായ കക്ഷികളോട് ചർച്ചയെന്നത് ഞങ്ങളുടെ നയമല്ല, തീർച്ചയായും ഭീകരവാദികളുമായും തീവ്ര സംഘടനകളുമായും ചർച്ചകൾ നടത്താൻ ഖത്തർ ആഗ്രഹിക്കുന്നില്ല.
-തീർച്ചയായും. പരിവർത്തനഘട്ടത്തിൽ പ്രകൃതിവാതകം വളരെ പ്രധാനപ്പെട്ടതാണ്, ദീർഘകാലത്തേക്കും. ശുദ്ധ ഊർജ സ്രോതസ്സുകളിൽ എൽ.എൻ.ജി മുന്നിൽ നിൽക്കുന്നുവെന്നതുതന്നെയാണ് ഇതിന് കാരണം. നോക്കൂ, കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിനും തിരിച്ചുപിടിക്കുന്നതിനുമായുള്ള സാങ്കേതികവിദ്യകളിൽ ഖത്തർ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതേസമയം, ഇപ്പോഴും കോടിക്കണക്കിന് ജനങ്ങൾ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുന്നുമുണ്ട്.
- വളരെ വിശാലമായൊരു ചോദ്യമാണിത്. വ്യത്യസ്ത സംസ്കാരങ്ങളും വംശങ്ങളും ആശയങ്ങളുമായി വൈവിധ്യമാർന്ന സമൂഹമാണ് ഞങ്ങൾ. വിദ്യാഭ്യാസത്തിലും വിശ്വാസത്തെ ഏറെ ഗൗരവമായാണ് കരുതുന്നത്. അതേസമയം, മറ്റു സംസ്കാരങ്ങളോടും മതങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സമീപനങ്ങളിലും കാഴ്ചപ്പാടിലും തുറന്ന സമീപനമാണ് ഇസ്ലാമിനുള്ളത്. ഇസ്ലാമെന്നത് സമാധാനത്തിന്‍റെ മതമാണ്. എല്ലാതരം വൈവിധ്യത്തെയും ഉൾക്കൊള്ളുകയും ചെയ്യുന്നു. എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്യും. മതങ്ങൾക്കിടയിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിനെപ്പറ്റി സംസാരിക്കുന്നതോ എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്നതോ ഒന്നും ഉപകരിക്കില്ല. ചില വ്യക്തികളും മാധ്യമങ്ങളും വേർതിരിവുകൾ സൃഷ്ടിച്ച് പരത്തുന്ന ഇസ്ലാമോഫോബിയ ഒട്ടും ഭൂഷണമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിനെ കുറിച്ചോ, ഇസ്‍ലാമിക രാജ്യങ്ങളിൽ ക്രിസ്റ്റ്യാനിറ്റിയെ കുറിച്ചോ ആകുലതകളൊന്നുമില്ല. മുസ്ലിം ലോകത്ത് വലിയൊരു ശതമാനം ക്രൈസ്തവരും ജൂതന്മാരുമെല്ലാം ജീവിക്കുന്നുണ്ട്. അവരെല്ലാം ഇസ്ലാമിക സംസ്കാരത്തിന്‍റെ തന്നെ ഭാഗവുമായിരുന്നു.
-പതിറ്റാണ്ടു കാലമായി ഇവിടെ ക്രൈസ്തവരും ജീവിക്കുന്നുണ്ട്. ആരാധന നടത്താൻ അവർക്കും അവകാശമുണ്ട്. ഈ രാജ്യം കെട്ടിപ്പടുക്കാൻ സഹായിച്ചവരെന്ന നിലയിൽ അവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സ്വകാര്യ ഇടങ്ങളിൽ നടത്തിവന്ന അവരുടെ ആരാധനകൾക്ക് സൗകര്യം ഒരുക്കണം എന്ന പിതാവിന്‍റെ തീരുമാനത്തിൽനിന്നാണ് നിരവധി ദേവാലയങ്ങൾ ഉൾകൊള്ളുന്ന ചർച് കോംപ്ലക്സ് ദോഹയിൽ നിർമിക്കപ്പെടുന്നത്. ഏഷ്യനും ആഫ്രിക്കനും പടിഞ്ഞാറും ഉൾപ്പെടെ വിവിധ നാടുകളിൽനിന്നുള്ള ക്രൈസ്തവർ അവിടെ തങ്ങളുടെ വിശ്വാസപ്രകാരം ആരാധന നടത്തുന്നുണ്ട്.
-ദൈവത്തിന്‍റെ ദൃഷ്ടിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് മനസ്സിലാക്കണം. സ്ത്രീകളുടെ പങ്ക് നമ്മുടെ സമൂഹത്തിൽ നിർണായകമാണ്. ഖത്തറിലെ സർവകലാശാലകളിൽ പുരുഷന്മാരെക്കാൾ മികച്ച പ്രകടനം നടത്തുന്നവരാണ് സ്ത്രീകൾ. വിദ്യാർഥികളിൽ 63 ശതമാനവും അവരാണ്. തൊഴിൽ മേഖലയിൽ 50-50 എന്ന തുല്യ അനുപാതത്തിലാണ്. സർക്കാറിൽ മൂന്ന് വനിത മന്ത്രിമാരുണ്ട്. അവരുടെ സേവനം മഹത്തരമാണ്. എയർഫോഴ്സിൽ വനിത പൈലറ്റുമാരുമുണ്ട്. ഇവിടെ സ്ത്രീ-പുരുഷ വിവേചനമില്ല. ലോകത്ത് അങ്ങനെയുണ്ടെന്നത് സത്യമാണ്, പക്ഷേ ഞങ്ങൾ അത്തരമൊരു സമീപനത്തിന് എതിരാണ്.
-നിലവിലെ രാഷ്ട്രത്തലവൻമാരെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. അവരിൽ വലിയൊരു പങ്കും എന്‍റെ സുഹൃത്തുക്കളാണ്. വ്യക്തിപരമായി ഏറ്റവും സ്വാധീനിച്ചത് പിതാവാണ്. അദ്ദേഹം മഹത്തായ വ്യക്തിയാണ്. വിശാല മനസ്സും സ്ഥൈര്യവും വീഴ്ചപറ്റിയാൽ ആദ്യം അത് സമ്മതിച്ച് തിരുത്തുന്നതുമാണ് പിതാവിൽ ഞാൻ കണ്ട വലിയ പാഠങ്ങൾ. അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ എന്നും എനിക്ക് അമൂല്യമായിരുന്നു. മുൻ സിംഗപ്പൂർ പ്രധാനമന്ത്രി ലീ കുവാൻ യുവിൽനിന്ന് ഏറെ ഞാൻ പഠിച്ചിട്ടുണ്ട്. അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു.
-ലോകകപ്പിന് ആദ്യമായി വേദിയൊരുക്കുന്ന ഒരു അറബ് രാജ്യമാണ് ഖത്തർ. അറബ് ലോകത്തെ യുവാക്കൾ ഉൾപ്പെടെ എല്ലാവർക്കും ഇത് സുപ്രധാനമാണ്. സംസ്കാരമോ, ദേശമോ, ഭാഷയോ വ്യത്യാസമില്ലാതെ എല്ലാവരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ് ഞങ്ങൾ. ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും സംസ്കാരം പഠിക്കാൻ അവരെ സ്വാഗതം ചെയ്യുന്നു.
- ഓരോ രാജ്യത്തിനും അവർ ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അവകാശമുണ്ട്. എന്നാൽ, ഇസ്രായേലുമായുള്ള ബന്ധത്തിലെ സാധാരണവത്കരണം എന്നാൽ എന്താണ്? ഇസ്രായേൽ കാര്യങ്ങൾ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങൾ സാധാരണമാണോ? ഒരിക്കലുമല്ല. അറബ് ഭൂപ്രദേശങ്ങളിൽ പലതും ഇപ്പോഴും അധിനിവേശത്തിന് കീഴിലാണ്. 70 വർഷത്തിലേറെയായി സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അഭയാർഥികളായ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഗസ്സയിൽ ഉപരോധത്തിനു നടുവിൽ ജീവിക്കുകയാണ്. ഫലസ്തീൻ ജനതക്ക് സമാധാനപരമായ ഒരു വാസസ്ഥലം കണ്ടെത്തണം, അവർക്ക് പ്രതീക്ഷ നൽകണം, അവരുടെ ഭൂമി അവർക്ക് തിരികെ നൽകണം. ഇക്കാര്യം ഞങ്ങൾ ഇസ്രായേലുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ആളുകൾക്ക് ഞങ്ങൾ സഹായം എത്തിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഫലസ്തീനിയും ഇസ്രായേലികളും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കണം. നിർഭാഗ്യവശാൽ, ആ ഒരു ലക്ഷ്യത്തിൽനിന്ന് നമ്മളിപ്പോഴും വളരെ അകലെയാണ്.
-എന്നും വിനയാന്വിതനാവണം എന്ന് എന്നെ പഠിപ്പിച്ചതിന് ഞാൻ മാതാപിതാക്കളോട് നന്ദിയുള്ളവനാണ്. ചെറുപ്പത്തിൽ, 13 വയസ്സുള്ളപ്പോൾ, കായിക ഉപകരണങ്ങൾ കണ്ടെത്താനും പണം നൽകാനും പിതാവ് എന്നെ ജർമനിയിലേക്ക് അയച്ചു. മറ്റാരോട് ചോദിച്ചാലും നടക്കുമായിരുന്ന ലളിതമായ കാര്യത്തിനായിരുന്നു എന്നെ അയച്ചത്.
എന്നാൽ, തനിച്ച് യാത്ര ചെയ്യാനും സ്വതന്ത്രനായി പ്രാപ്തനാവാനും എന്നെ പഠിപ്പിക്കുന്നതിനായി സ്വീകരിച്ച ഒരു മാർഗമായിരുന്നു അതെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനു മുമ്പ് 8-10 വയസ്സിൽ വേനൽകാലത്ത് അദ്ദേഹം ഫ്രഞ്ച് പഠിക്കാനായി ബെൽജിയത്തിലേക്ക് അയച്ചു. പിന്നീട്, 17ാം വയസ്സിൽ ബ്രിട്ടനിലെ മിലിട്ടറി സ്കൂളിലേക്കും പഠനത്തിനയച്ചു. സൈനിക അക്കാദമിയിലെ പഠനത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. കിരീടാവകാശിയായി നിയമിക്കപ്പെടും മുമ്പ് ഏറെ വർഷം ഖത്തർ സ്പെഷൽ ഫോഴ്സിന്‍റെ ഭാഗമായിരുന്നു.
അമീർ ലോകകപ്പ് വേദി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.