ഖത്തറിലെ റെസിഡൻഷ്യൽ വില്ലകൾക്കും പാലസുകൾക്കും പുതിയ നി‌ർമാണ ചട്ടങ്ങൾ

ദോഹ: ഖത്തറിലെ റെസിഡൻഷ്യൽ വില്ലകൾ, വലിയ വീടുകൾ, പാലസുകൾ എന്നിവയുടെ നിർമാണ നിയമങ്ങളിൽ പുത്തൻ ഭേദഗതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. കെട്ടിടങ്ങളുടെ വാസ്തുവിദ്യാ മാനദണ്ഡങ്ങളും സാങ്കേതിക സവിശേഷതകളും സംബന്ധിച്ച 1989ലെ മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പുതിയ തീരുമാനം പുറപ്പെടുവിച്ചു. വിശദമായ പഠനശേഷം 20ലധികം ഇളവുകളാണ് വരുത്തിയിയിരിക്കുന്നത്. പുതിയ ഭേദഗതിപ്രകാരം, പെന്റ്‌ഹൗസ് ഉൾപ്പെടെ റെസിഡൻഷ്യൽ വില്ലകളുടെ പരമാവധി ഉയരം 16 മീറ്ററായി ഉയർത്തി. പാലസുകളുടെ ഉയരം പ്ലോട്ടിന്റെ വിസ്തൃതി അനുസരിച്ച് 17 മുതൽ 25 മീറ്റർ വരെ അനുവദിക്കും. കൂടാതെ, വില്ലകളിലും കൊട്ടാരങ്ങളിലും ആദ്യമായി മെസനൈൻ നില (ഇടത്തട്ട്) നിർമിക്കാനുള്ള അനുമതിയും ലഭിക്കും.

നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം, വില്ലകളുടെ താഴത്തെ നില തൊട്ടടുത്ത ഭൂമിയുടെ അതിർത്തിവരെ വിപുലീകരിക്കാനാകും. പുറത്തെ മജ്‌ലിസിന്റെയോ, അനുബന്ധ കെട്ടിടങ്ങളുടെയോ മുകളിൽ ഒന്നാം നില നിർമിക്കാനും കുടുംബാംഗങ്ങൾക്ക് പ്രത്യേക സ്യൂട്ട് ഒരുക്കാനും അനുമതിയുണ്ട്. പുറത്തെ മജ്‌ലിസുകളുടെ ഉയരം 7.5 മീറ്ററിൽ നിന്ന് 10 മീറ്റർ വരെയാക്കാനും അതിൽ മെസാനൈൻ നില ഉൾപ്പെടുത്താനുമാകും. 7.5 മീറ്റർ വരെ ഉയരമുള്ള അനുബന്ധ കെട്ടിടങ്ങൾക്ക് ഒന്നാം നില കൂടി ചേർക്കാനും അനുമതിയുണ്ട്. ഗാർഹിക തൊഴിലാളികൾക്കും അറ്റകുറ്റപ്പണികൾക്കുമായി പ്രത്യേക സർവിസ് സ്റ്റെയർകേസ് നിർമ്മിക്കാനും ചട്ടങ്ങൾ അനുവദിക്കുന്നു.

സ്വകാര്യതയും ജീവിത നിലവാരവും പരിഗണിച്ച് വില്ലകളുടെ മതിലുകളുടെ പരമാവധി ഉയരം 3.40 മീറ്ററായും പാലസുകളുടെ മതിലുകളുടെ ഉയരം അഞ്ച് മീറ്ററായും വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, നിശ്ചിത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച് വീടുകളുടെ പുറം മതിലുകളിൽ തപാൽ ബോക്സുകളും പാർസൽ ബോക്സുകളും സ്ഥാപിക്കാം. നിർമാണ രംഗത്തെ വികസനവും ഖത്തരി കുടുംബങ്ങളുടെ ആവശ്യങ്ങളും പഠിച്ച ശേഷമാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും പുതിയ ചട്ടങ്ങൾ ഒരേ രീതിയിൽ നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഭേദഗതികൾ പ്രാബല്യത്തിൽ വരും. പുതിയ ചട്ടങ്ങൾ വിശദീകരിക്കുന്നതിനും അവയുടെ പ്രായോഗിക നടപ്പാക്കൽ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമായി കൺസൾട്ടന്റുമാർക്കും എഞ്ചിനീയറിങ് സ്ഥാപനങ്ങൾക്കു പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - New construction regulations for residential villas and palaces in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.