ദോഹ: സെപ്റ്റംബർ 16ന് ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തൃശൂർ പെരിഞ്ഞനം സ്വദേശി മുഹമ്മദ് നാസറിന്റെ മൃതദേഹം ആഴ്ചകൾ നീണ്ട നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.
അൽ വക്റയിലെ ഉം സഈദ് റോഡിലുണ്ടായ അപകടത്തിൽ വാഹനത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞ നാസറിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാലാണ് നാട്ടിലെത്തിക്കുന്നത് വൈകിയത്. നാട്ടിൽ നിന്നും ദോഹയിലെത്തിയ സഹോദരൻ മുഹമ്മദ് നിയാസിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു നടത്തിയ പരിശോധനഫലം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. തുടർന്ന് മറ്റു നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നൗഷാദ് ഒലിയത്തിന്റെ നേതൃത്വത്തിൽ കൾചറൽ ഫോറം റീപാട്രിയേഷൻ ടീമിന്റെ മൂന്നാഴ്ച നീണ്ട പരിശ്രമങ്ങളിലൂടെയാണ് മൃതദേഹം നാട്ടിലേക്കയക്കാൻ സാധിച്ചത്. ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ള ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലേക്കുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.