എം.ഡബ്ല്യു.സി 25 കോൺഫറൻസ് ഉദ്ഘാടന ചടങ്ങിനിടെ
ദോഹ: ഡിജിറ്റൽ രംഗത്തെ സുപ്രധാന മുന്നേറ്റമായി മിഡിൽ ഈസ്റ്റ്, വടക്കൻ മേഖലയിൽ ആദ്യമായി സംഘടിപ്പിച്ച മൊബൈൽ വേൾഡ് കോൺഗ്രസ് (എം.ഡബ്ല്യു.സി ദോഹ) സമാപിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസങ്ങളിലായി നടന്ന കോൺഫറൻസ് ജി.എസ്.എം.എ അസോസിയേഷൻ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ലോകത്തെ മുൻനിര കമ്പനികൾ പങ്കെടുത്ത പ്രദർശനത്തിൽ, കമ്യൂണിക്കേഷൻ, 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ഡേറ്റ സൊലൂഷനുകൾ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയാണ് എം.ഡബ്ല്യു.സി കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ട വ്യക്തികളും മന്ത്രിമാരും ജി.എസ്.എം.എ ഉദ്യോഗസ്ഥരും മേഖലയിലെയും ലോകത്തിലെയും കമ്യൂണിക്കേഷൻ, ഐ.ടി രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം എം.ഡബ്ല്യു.സി 2025 ദോഹ കോൺഫറൻസിനോടനുബന്ധിച്ചുള്ള പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു. ഡിജിറ്റൽ പ്രോജക്ടുകൾ പ്രദർശിപ്പിച്ച 17 സർക്കാർ സ്ഥാപനങ്ങളുടെ ഖത്തർ പവിലിയനിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.