ദോഹ: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മൊബൈൽ ഏർലി വാണിങ് സിസ്റ്റം വഴി ലഭിക്കുന്ന അലർട്ടുകൾ (മുൻകൂർ മുന്നറിയിപ്പുകൾ) ഗൗരവമായി എടുക്കണമെന്നും നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഒർമപ്പെടുത്തി.
അപകടങ്ങൾ കുറക്കുന്നതിനും എല്ലാവരുടെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഏർലി വാണിങ് സിസ്റ്റം വഴി അറിയിപ്പുകൾ നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന നോട്ടിഫിക്കേഷൻ സംവിധാനമാണിത്. സൈലന്റ് മോഡിൽ ആണെങ്കിൽ പോലും സന്ദേശങ്ങൾ എല്ലാ ഫോണിലുമെത്തും. ഇത് കൃത്യസമയത്ത് ആവശ്യമായ മുൻകരുതലുകളെടുക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ, പൊതുജനങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ സന്ദർഭത്തിൽ മൊബൈൽ ഏർലി വാണിങ് സിസ്റ്റത്തിന്റെ കാര്യക്ഷമത, അലേർട്ട് ലെവലുകൾ, സന്ദേശങ്ങൾ എത്തുന്ന വേഗം എന്നിവ പരിശോധിച്ചതായും മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
സാധാരണ അറിയിപ്പുകൾക്കോ ബോധവത്കരണ സന്ദേശങ്ങൾക്കോ വേണ്ടി ഈ സംവിധാനം ഉപയോഗിക്കില്ലെന്നും, ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി അടിയന്തര മുന്നറിയിപ്പ് ആവശ്യമായ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇത് പ്രവർത്തിപ്പിക്കുകയുള്ളൂവെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.