ഗതാഗത മന്ത്രാലയം നേതൃത്വത്തിൽ ഖത്തർ സമുദ്ര പരിധിയിൽനടക്കുന്ന ഹൈഡ്രോഗ്രാഫിക് സർവേ
ദോഹ: സമുദ്ര ഗതാഗത പാതകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയം നേതൃത്വത്തിൽ ഹൈഡ്രോഗ്രാഫിക് സർവേക്ക് തുടക്കം. സമുദ്രയാത്രികരുടെ പ്രധാന ദിശാ സൂചനയായ നാവിഗേഷൻ നോട്ടിക്കൽ ചാർട്ട് പുതുക്കുക, കപ്പലുകൾ രാജ്യത്തെ തീരങ്ങളിലേക്കും തിരികെയുമുള്ള യാത്ര നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ട്രാഫിക് സെപറേഷൻ സ്കീം (ടി.എസ്.എസ്) സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നത്.
ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ, ഇന്റർനാഷനൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ, ഇന്റർനാഷനൽ കൺവെൻഷൻ ഫോർ ദി സേഫ്റ്റി ഓഫ് ലൈഫ് അറ്റ് സീ എന്നിവ നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർവേ നടത്തുന്നത്.
അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന സർവേ പ്രോജക്ട് പ്രകാരം നങ്കൂരമിടുന്ന മേഖലകൾ അടയാളപ്പെടുത്തുക, ഖത്തർ സമുദ്ര പരിധിയിൽ കപ്പൽ അവശിഷ്ടങ്ങളുണ്ടെങ്കിൽ തിരിച്ചറിയുക, നാവിഗേഷൻ മാർക്കറുകൾ സ്ഥാപിക്കുക, ഖത്തർ സമുദ്ര മേഖലയിലെ നോട്ടിക്കൽ ചാർട്ടുകൾ പുതുക്കുക, റിസർവുകളുടെ സ്ഥാനങ്ങൾക്കായി നാവിഗേഷൻ മാർക്ക് സ്ഥാപിക്കുക എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
കപ്പലുകൾക്കും ബോട്ടുകൾക്കും അടയാളമായി പ്രവർത്തിക്കുന്നവയുടെ വെളിച്ചശേഷി വർധിപ്പിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളായ ബാറ്ററി, സൗരോർജ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. സംരക്ഷിത മേഖലകളുടെ അടയാളമായി നാവിഗേഷൺ മാർക്കറുകൾ സ്ഥാപിക്കും. സമുദ്ര ഗതാഗതവും ഒപ്പം കടൽ പരിസ്ഥിതിക്കും സുരക്ഷ ശക്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ വികസന നയം, വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതം കൂടിയാണ് പദ്ധതി.
ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മറൈൻ എയ്ഡസ് ടു നാവിഗേഷൻ മാനദണ്ഡങ്ങൾക്ക് വിധേമായി ജീവനക്കാർക്ക് പരിശീലനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.