ദോഹ: വിവിധ സർക്കാർ വിഭാഗങ്ങളിൽ ഉപയോഗിച്ചശേഷം ഡീ കമീഷൻ ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും ലേലത്തിൽ സ്വന്തമാക്കാൻ അവസരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. 288 വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ലേലം ജൂൺ 16ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ വക്റ മുനിസിപ്പാലിറ്റി തിയറ്ററിൽ ജൂൺ 16 തിങ്കൾ മുതൽ 19 വ്യാഴം വരെ ലേലം നടക്കും. ഈ ദിവസങ്ങളിൽ ഉച്ച 3.30 മുതലാണ് ലേല നടപടികൾ ആരംഭിക്കുന്നത്. വാഹനങ്ങളും ഉപകരണങ്ങളും വിറ്റഴിക്കപ്പെടുന്നത് വരെ ലേലം തുടരും. പൊതു ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള വ്യവസ്ഥകൾ: -ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സമയത്ത് വക്റ മുനിസിപ്പാലിറ്റി തിയറ്ററിൽ നേരിട്ടെത്തി ലേല പങ്കാളിത്ത കാർഡ് നേടണം
-ലേലത്തിൽ വിജയിച്ചാൽ, ലേല തുകയുടെ മൂല്യത്തിന്റെ 20 ശതമാനം ഇലക്ട്രോണിക് പേയ്മെന്റ് വഴി നിക്ഷേപമായി നൽകണം. ബാക്കി തുക വിൽപന തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടക്കുകയും വേണം. -പരിശോധനാ യാർഡിലെ വാഹനത്തിന്റെ അവസ്ഥ അനുസരിച്ച് ഓരോന്നും പ്രത്യേകമായാണ് ലേലം ചെയ്യുന്നത്. വാഹന പ്രവർത്തന ക്ഷമത സംബന്ധിച്ച് പിന്നീട് ഉണ്ടായേക്കുന്ന മറ്റ് അവകാശവാദങ്ങൾ ഇല്ലാതാക്കുന്നതിനാണ് പരിശോധന നിർബന്ധിതമാക്കിയിരിക്കുന്നത്. -ബാക്കിയുള്ള വ്യവസ്ഥകൾ 2025 ജൂൺ 12-ന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ വിശദമായി പ്രതിപാദിക്കും.വാഹനങ്ങളുടെ പരിശോധന വാദി അബ സലീൽ ഏരിയയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെഹിക്കിൾ കലക്ഷൻ യാർഡിൽ (സ്ക്രാപ്പ് അൽ-മഷാഫ്) നടക്കും, ലേലത്തിന്റെ എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെ പരിശോധന ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.