റിക്രൂട്ട്മെന്റ് ഏജൻസി ഉടമകളുമായി തൊഴിൽ മന്ത്രാലയത്തിന്‍റെ കൂടിയാലോചന

ദോഹ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ ഉടമകളുമായി തൊഴിൽ മന്ത്രാലയം പ്രഥമ കൂടിയാലോചന യോഗം നടത്തി. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് മന്ത്രാലയത്തിന്‍റെ തീരുമാനങ്ങളും റിക്രൂട്ട്മെന്റ് നടപടികളിലെ നിർദേശങ്ങളും പാലിക്കുന്നത് സംബന്ധിച്ച് കമ്പനികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഉടമകളുമായി നിരന്തരം കൂടിയാലോചന യോഗം സംഘടിപ്പിക്കുന്നത്. തൊഴിൽ വിപണിയിൽ സന്തുലിതത്വം നിലനിർത്തുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളും തീരുമാനങ്ങളും നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് റിക്രൂട്ട്മെന്റ് ഏജൻസി ഉടമകൾ, ഓഫിസുകൾ തുടങ്ങിയവയുമായുള്ള കൂടിയാലോചനകൾ.

വിദേശത്തുനിന്ന് മൂന്നാംകക്ഷികൾക്കു വേണ്ടി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ പരമാവധി ഫീസ്​ സംബന്ധിച്ച് മന്ത്രാലയത്തിന്‍റെ ഉത്തരവ് പാലിക്കുന്നത് യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച് മന്ത്രാലയത്തിന്‍റെ തീരുമാനം പ്രാബല്യത്തിൽ വന്നത്. തൊഴിലാളികളുടെ പ്രബേഷൻ കാലയളവ് ഒമ്പതുമാസം ദീർഘിപ്പിച്ച ഉത്തരവിനുള്ള ആവശ്യകതകളും യോഗത്തിൽ ചർച്ച ചെയ്തു. റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികളും റിക്രൂട്ട്മെൻറ് ഓഫിസുകളും തമ്മിലുള്ള കരാർ വ്യവസ്ഥകളിലെ വ്യക്തത യോഗത്തിൽ വിലയിരുത്തി.

ഏറ്റവും മികച്ച സേവനങ്ങൾ നൽകുക, തൊഴിൽ വിപണിയെ വളർത്തുക തുടങ്ങിയവ മുൻനിർത്തിയാണ് തീരുമാനങ്ങളും നടപടികളും ഉത്തരവുകളും പുറത്തിറക്കുന്നതെന്ന് യോഗത്തിൽ മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് ഏജൻസികളുടെ എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഇതുസംബന്ധിച്ച് റിക്രൂട്ട്മെന്റ് ഓഫിസുകളുമായും കമ്പനി ഉടമകളുമായുള്ള കൂടിയാലോചന യോഗം തുടരുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് നടപടികൾ സുതാര്യമാക്കുന്നതിനും മന്ത്രാലയത്തിന്റെ നിയമ നിർദേശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കുന്നതിനുമായി റിക്രൂട്ട്മെന്റ് കമ്പനികളുമായി ചേർന്നുള്ള കൂടിയാലോചന യോഗത്തെ കമ്പനി ഉടമകൾ പ്രശംസിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.