സഞ്ചാരികളുടെ ഖത്തർ: എട്ടു മാസത്തിനിടെ എത്തിയത് 23.38 ലക്ഷം സന്ദർശകർ

ദോഹ: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഖത്തറിലേക്ക് എട്ടു മാസത്തിനിടെ എത്തിയത് 23.38 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ആഗസ്റ്റ് മാസത്തിൽ മാത്രം 3.03 ലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്. ജൂലൈ മാസത്തിലെ 2.85 ലക്ഷം സന്ദർശകരെ അപേക്ഷിച്ച് പ്രതിമാസ വർധനവിൽ 6.3 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. അതേസമയം, മുൻ വർഷം ഇതേകാലയളവിൽ 32.76 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയിരുന്നത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കര, വ്യോമ, സമുദ്ര അതിർത്തി കവാടങ്ങളിലൂടെ നിരവധി സന്ദർശകരാണ് പ്രതിദിനം രാജ്യത്ത് എത്തുന്നത്. വർഷത്തിന്റെ തുടക്കത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ വ്യതിയാനങ്ങൾ ഉണ്ടായെങ്കിലും, അതിനുശേഷം ശക്തമായ വീണ്ടെടുപ്പാണ് ടൂറിസം മേഖലയിൽ കാണാൻ സാധിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തറിന്റെ വർധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.

ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികളെത്തിയത്. ആകെ സന്ദർശകരുടെ 41 ശതമാനം, അതായത് 9.58 ലക്ഷം പേർ ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവരാണ്. ഏഷ്യ, ഓഷ്യാനിയ മേഖലകളാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ നിന്ന് ആകെ 4.89 ലക്ഷം (20.9 ശതമാനം) സന്ദർശകരെത്തി.

യൂറോപ്പിൽ നിന്ന് 4.86 ലക്ഷം പേരും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്ന് 1.69 ലക്ഷം പേരും രാജ്യത്തെത്തി. ജി.സി.സി ഇതര അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ അഞ്ചാം സ്ഥാനത്താണ്. 1.62 ലക്ഷം സന്ദർശകർ- അതായത് മൊത്തം സന്ദർശകരുടെ 6.9 ശതമാനം. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ വിമാന സർവിസുകളിലുണ്ടായ പ്രതിസന്ധി സഞ്ചാരികളുടെ വരവിനെ ബാധിച്ചു.

മാർച്ച് മാസത്തിൽ സന്ദർശകരുടെ എണ്ണം 63,000 ആയി കുത്തനെ കുറഞ്ഞിരുന്നെങ്കിലും ഏപ്രിലിൽ 1,29,000 ആയും മേയിൽ 2,67,000 ആയും ജൂണിൽ 2,22,000 ആയും ഉയർന്നു. തുടർന്നുള്ള വേനൽക്കാല മാസങ്ങളിലും കൃത്യമായ വളർച്ച കൈവരിക്കാൻ ഖത്തറിന് സാധിച്ചു. സാംസ്കാരിക -കായികം, ബിസിനസ്, മറ്റ് വിനോദങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Qatar tourism: 2.338 million visitors arrive in eight months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.