പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം
മേഖലയിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണം -കാബിനറ്റ്
ദോഹ: മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന എല്ലാവിധ സൈനിക നടപടികളും ആക്രമണങ്ങളും പൂർണ്ണമായി അവസാനിപ്പിക്കണമെന്ന് ഖത്തർ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. ജോർഡാൻ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ യോഗം ശക്തമായി അപലപിച്ചു. ഇറാന്റെ നടപടി അയൽരാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും മേലുള്ള കടന്നുകയറ്റമാണെന്ന് കാബിനറ്റ് വിലയിരുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനവുമാണിത്.
ആക്രമണത്തിന് ഇരയായ അയൽരാജ്യങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഖത്തർ, തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.
സംഘർഷം കൂടുതൽ വ്യാപിപ്പിക്കുന്ന നടപടികളിൽ നിന്ന് എല്ലാ കക്ഷികളും പിന്മാറണമെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും കാബിനറ്റ് യോഗം ആഹ്വാനം ചെയ്തു. യോഗത്തിന് ശേഷം നീതിന്യായ -കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി തീരുമാനങ്ങൾ വിശദീകരിച്ചു.
യു.എസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ദോഹ: മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കൻ പൗരൻമാർക്ക് സുരക്ഷ മുന്നറിയിപ്പുമായി യു.എസ് എംബസി. അപ്രതീക്ഷിത സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലുടനീളം വിമാന സർവിസുകൾ റദ്ദാക്കാനോ, വ്യോമപാതകൾ അടച്ചിടാനോ സാധ്യതയുണ്ട്. യാത്രാ തടസ്സങ്ങൾ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്തണമെന്നും അധികൃതർ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.