നാട്ടിലെ ചെറിയ ടി.വികൾക്ക് മുന്നിൽ പാതിരാത്രിവരെ ഉറക്കം ഒഴിച്ച്, അയൽവീട്ടിലെ ആൾക്കൂട്ടത്തിനൊപ്പം ലോകകപ്പ് മത്സരങ്ങൾ കണ്ടിരുന്ന ബാല്യകാലത്ത് നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കം നേരിൽ അനുഭവിക്കുന്ന ഭാഗ്യത്തിലേക്ക് എത്തിച്ച ജീവിതയാത്ര ഇന്നും അവിശ്വസനീയമായി തോന്നുന്നു.
ഒരുകാലത്ത് ഇറ്റലിയോടായിരുന്നു പ്രണയം. റോബർട്ടോ ബാജിയോയുടെ ആ നിർണായക പെനാൽറ്റി പുറത്തേക്ക് പോയ നിമിഷം ഇന്നും മനസ്സിൽ നൊമ്പരമായി അവശേഷിക്കുന്നു. പിന്നീട് ബാറ്റിസ്റ്റൂട്ടയുടെ ഗോളുകളിലൂടെയും റിക്വൽമെയുടെയും ഐമറിന്റെയും മാന്ത്രിക സ്പർശങ്ങളിലൂടെയും ഒടുവിൽ മെസ്സിയെന്ന ഫുട്ബാൾ അവതാരത്തിലൂടെയും എന്റെ ഹൃദയം അർജന്റീനയുടെ നീല-വെള്ള നിറങ്ങളിലേക്ക് ചേക്കേറി. ഖത്തറിൽ നടന്ന ലോകകപ്പ് ഒരു ടൂർണമെന്റ് മാത്രമായിരുന്നില്ല; ചരിത്രവും സംസ്കാരവും ആഘോഷവും വികാരങ്ങളും ഒത്തുചേർന്ന മഹോത്സവമായിരുന്നു. വർണശബളവും ഐതിഹാസികവുമായ ഉദ്ഘാടന മത്സരം മുതൽ അർജന്റീനയുടെ ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളും ഉൾപ്പെടെ ഒരുപാട് കളികൾ നേരിൽ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്.
ലോകകപ്പ് ഓർമ്മകൾ മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോൾ മറ്റൊരു സന്തോഷവും കൂടെ ഓർമ്മ വരുന്നു. നാട്ടിൽ നിന്ന് കളി കാണാൻ മാത്രമായി ഖത്തറിലെത്തിയ പ്രിയ നേതാക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളാണ് ആ അനുഭവങ്ങളെ കൂടുതൽ മനോഹരമാക്കിയത്. സ്റ്റേഡിയങ്ങൾക്കും മത്സരങ്ങൾക്കും അപ്പുറം, മനുഷ്യരെ ഒന്നിപ്പിച്ച ഒരു ആഘോഷമായിരുന്നു ആ ലോകകപ്പ്. ഫുട്ബാൾ ഒരു കളി മാത്രമല്ലെന്നും, മനുഷ്യരെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്ന ഭാഷയാണെന്നും ആ ദിവസങ്ങൾ വീണ്ടും പഠിപ്പിച്ചു.
ഇപ്പോൾ വീണ്ടും ഒരു വലിയ ടൂർണമെന്റ് വരവായി. മത്സരങ്ങൾ അങ്ങകലെ അമേരിക്കയിലാണെങ്കിലും, ഇവിടെയിരുന്ന് അതേ ആവേശത്തോടെ കാണാൻ കാത്തിരിക്കുകയാണ്. 2022ൽ ഖത്തറിന്റെ മണ്ണിൽ നേരിൽ അനുഭവിച്ച ആ സ്വപ്ന നിമിഷങ്ങൾ മനസ്സിൽ പച്ചയായി നിൽക്കുന്നു. വീണ്ടും ഒരിക്കൽ കൂടി ആ നീല-വെള്ള പതാക ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്നത് കാണാൻ…വീണ്ടും ഒരിക്കൽ കൂടി അർജന്റീന കപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.