ഖത്തറിലെ പ്രാദേശിക ഫാമുകൾ വിറ്റത് 58,500 ടൺ പച്ചക്കറി

ദോഹ: വിപണന പ്ലാറ്റ്‌ഫോമുകൾവഴി ഖത്തറിലെ പ്രാദേശിക ഫാമുകൾ 2022ൽ വിറ്റത് 58,500 ടൺ പച്ചക്കറി. മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയ കാർഷിക ഉൽപന്നങ്ങളുടെ വിപണന പ്ലാറ്റ്‌ഫോമുകളാണ് ഇത്രയും പച്ചക്കറികൾ വിൽക്കാൻ പ്രാദേശിക ഫാമുകളെ സഹായിച്ചത്. മന്ത്രാലയം പുറത്തിറക്കിയ, 2022ലെ കാർഷിക കാര്യ വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

വിപണന പദ്ധതികളായ ‘ഖത്തർ ഫാംസും’ മഹാസീലും കഴിഞ്ഞ വർഷം 20,000 ടൺ വീതം പച്ചക്കറികളാണ് വിറ്റത്. ഇവയുടെ ഏറ്റവുമുയർന്ന വിൽപനയാണ് 2022ൽ രേഖപ്പെടുത്തിയത്. 14,500 ടണ്ണിലധികം പച്ചക്കറികൾ വിറ്റഴിക്കാൻ വെജിറ്റബ്ൾ മാർക്കറ്റുകളും തുണയായി. ‘പ്രീമിയം ഉൽപന്നങ്ങൾ’ എന്ന പേരിൽ അവതരിപ്പിച്ച പദ്ധതി വഴി 4,000 ടൺ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിച്ചു.മന്ത്രാലയത്തിലെ കാർഷിക വകുപ്പ് പ്രാദേശിക ഫാമുകൾക്കായി അവതരിപ്പിക്കുന്ന വിപണന പ്ലാറ്റ്‌ഫോമുകളിൽ അഞ്ച് പച്ചക്കറി ചന്തകൾ (കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള യാർഡുകൾ), പ്രധാന വാണിജ്യ ഔട്ട്‌ലറ്റുകളിലെ രണ്ട് പ്രോഗ്രാമുകൾ, മാർക്കറ്റിങ് ആൻഡ് അഗ്രികൾചറൽ സർവിസസ് കമ്പനിക്കുവേണ്ടിയുള്ള മഹാസീൽ എന്നിവ ഉൾപ്പെടുന്നു. പ്രാദേശിക കർഷകർക്ക് അവരുടെ നിക്ഷേപത്തിനും കഠിനാധ്വാനത്തിനും ന്യായവില ലഭിക്കാൻ ഉന്നമിട്ടുള്ളതാണ് മന്ത്രാലയത്തിന്റെ വിപണന പരിപാടികൾ. പ്രാദേശിക ഫാമുകൾക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനായാണ് ഈ വിപണന പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്നുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. കർഷകർക്ക് ഇതുവഴി വിളകൾക്ക് ന്യായമായ വില കിട്ടുകയും ചെയ്യുന്നു.

’യാർഡ് ഫോർ സെല്ലിങ് അഗ്രികൾചറൽ പ്രോഡക്‌ട്സ് എന്ന പ്രഥമ വിപണന പ്ലാറ്റ്‌ഫോം 2012ൽ അൽമസ്‌റൂവയിലാണ് തുറന്നത്. ക്രമേണ അത് അഞ്ച് വിപണികളാക്കി ഉയർത്തി. അൽ മസ്‌റൂവയിലെ സീസണൽ പച്ചക്കറി മാർക്കറ്റ് സ്ഥിരമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയുള്ള പരീക്ഷണം നടത്തി. വർഷം മുഴുവനും അതിന്റെ പ്രവർത്തനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം’-അൽ ഖുലൈഫി പറഞ്ഞു. പ്രാദേശിക ഫാമുകൾക്ക് അവരുടെ ഫാമുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കൃഷി ചെയ്തും ഹരിതഗൃഹങ്ങൾ സ്ഥാപിച്ചും ഉൽപാദനം വർധിപ്പിക്കാൻ ഉയർന്ന വിളവ് പ്രോത്സാഹനമാകുന്നുണ്ട്.

അൽ മസ്‌റൂവ മാർക്കറ്റിന്റെ വിജയകരമായ പരീക്ഷണം നിരവധി ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ലക്ഷ്യംനേടി. അതോടെ, ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം (വ്യാഴം, വെള്ളി, ശനി) പ്രവർത്തിച്ചിരുന്ന അൽ വക്റയിലെയും അൽ ഖോറിലെയും യാർഡുകളുടെ പ്രവർത്തനസമയം ഈ സീസണിന്റെ തുടക്കത്തിൽ മുഴുവൻ ദിവസങ്ങളിലേക്കുമായി വർധിപ്പിച്ചതായി അൽ ഖുലൈഫി പറഞ്ഞു.

നവംബറിൽ തുറന്ന പച്ചക്കറി മാർക്കറ്റുകൾ ഇപ്പോൾ ആഴ്ചയിൽ മുഴുവൻ പ്രവർത്തനം തുടരുന്നു. അൽ ശിഹാനിയയിലെയും അൽ ശമാലിലെയും ശേഷിക്കുന്ന രണ്ട് മാർക്കറ്റുകൾ വാരാന്ത്യങ്ങളിൽ (വ്യാഴം, വെള്ളി, ശനി) മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക ഫാമുകൾ അവരുടെ ഉൽപന്നങ്ങൾ സെൻട്രൽ മാർക്കറ്റുകൾ വഴിയും അവരുടെ ഫാമുകളിൽവെച്ചും വിൽക്കുന്നുണ്ട്. ഒപ്പം, കാർഷികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പരിപാടികളിലും മഹാസീൽ പോലെയുള്ള ഫെസ്റ്റിവലുകളിലും ഉൽപന്നങ്ങൾ വിൽക്കാനും അവർക്ക് അവസരമൊരുങ്ങുന്നു. ‘ഖത്തർ ഫാമുകൾ’, ‘പ്രീമിയം ഉൽപന്നങ്ങൾ’ പരിപാടികളും മുനിസിപ്പാലിറ്റി മന്ത്രാലയം വിജയകരമായി നടത്തിവരുകയാണെന്ന് അൽ ഖുലൈഫി പറഞ്ഞു.

Tags:    
News Summary - Local farms in Qatar sold 58,500 tonnes of vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT