ദോഹ: 'കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് താഴെയായുള്ള ബങ്കറിലാണ് ഞങ്ങളുള്ളത്. 24ന് യുദ്ധം തുടങ്ങിയതിനു പിന്നാലെയാണ് സുരക്ഷിതസ്ഥലം എന്നനിലയിൽ ബങ്കറിലേക്ക് മാറിയത്. ആക്രമണത്തിൽനിന്ന് ഇവിടം സുരക്ഷിതമാണെങ്കിലും ജീവിതം ദുസ്സഹമാണ്. കുടുസ്സായ ബങ്കറിൽ 300ലേറെ വിദ്യാർഥികളാണുള്ളത്. പൊടിയും മണ്ണുമായി കിടക്കുന്ന ഇവിടെ, കടുത്ത തണുപ്പിൽ തറയിൽ പുതപ്പുവിരിച്ചാണ് കഴിയുന്നത്. ഇടുങ്ങിയ സ്ഥലമായതിനാൽ എല്ലാവർക്കും ഒരേസമയം കിടക്കാൻ കഴിയില്ല. ഒരുസംഘം എഴുന്നേൽക്കുമ്പോൾ മാത്രമേ, മറ്റുള്ളവർക്ക് കിടക്കാൻ കഴിയൂ. ആദ്യദിനത്തിൽ ലഘുഭക്ഷണങ്ങളും വെള്ളവും സ്റ്റോക്ക് ചെയ്തതാണ്. എന്നാൽ, ഇനി ഒരുദിവസത്തിൽ കൂടുതൽ കഴിയാൻ ഭക്ഷണം ലഭ്യമല്ല. യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടും പ്രതികരണങ്ങളൊന്നുമില്ല. ഞങ്ങൾ 300ഓളം ഇന്ത്യൻ വിദ്യാർഥികൾ ഈ ബങ്കറിൽ രക്ഷയും കാത്തിരിപ്പിലാണ്' -യുക്രയ്നിലെ കിയവിലെ കോളജ് ഹോസ്റ്റലിന്റെ ബങ്കറിനുള്ളിൽനിന്ന് 'ഗൾഫ് മാധ്യമ'വുമായി ആശങ്കകൾ പങ്കുവെക്കുകയാണ് ഖത്തർ റസിഡന്റ് കൂടിയായ കൂർഗ് സ്വദേശിനി റുമാന ഫിദ.
കിയവിലെ ബോഗോമോളെറ്റ്സ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് റുമാന. ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ ഇവർ കഴിഞ്ഞ ഡിസംബറിലാണ് മെഡിക്കൽ പഠനത്തിനായി യുക്രെയ്നിലെത്തിയത്. ക്ലാസുകൾ സജീവമായതിന് പിന്നാലെയാണ് രാജ്യം യുദ്ധത്തിന്റെ കെടുതിയിലെത്തിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം പുകഞ്ഞു തുടങ്ങിയപ്പോൾതന്നെ കോളജ് അധികൃതരോട് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ, പ്രശ്നമൊന്നും ഉണ്ടാവില്ലെന്നും, തലസ്ഥാനനഗരിയെന്ന നിലയിൽ കിയവ് സുരക്ഷിതമാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, വ്യാഴാഴ്ച റഷ്യയുടെ ആക്രമണം ആരംഭിച്ചതിനുപിന്നാലെ, കോളജ് അധികൃതരിൽനിന്ന് പ്രതികരണങ്ങൾ ഒന്നുമില്ലാതായി.
ഇന്ത്യൻ എംബസിയിലേക്ക് മെയിൽ അയച്ചിട്ടും ഹോട്ലൈൻ നമ്പറിൽ ബന്ധപ്പെട്ടിട്ടും മറുപടിയുമൊന്നുമില്ലെന്ന് റുമാന ഫിദ പറയുന്നു.
ബങ്കറിന് പുറത്ത് സേനയുടെ പട്രോളിങ് നടക്കുന്നുണ്ട്. യൂനിവേഴ്സിറ്റി കോളജിന് സമീപത്തുള്ള സിവിലിയൻ ബിൽഡിങ്ങുകൾക്ക് നേരെയും ആക്രമണം നടക്കുന്നതായി കേൾക്കുന്നു. കഴിഞ്ഞ രാത്രിയിലും പലയിടങ്ങളിൽനിന്ന് പൊട്ടിത്തെറി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. എംബസിയുടെ അറിയിപ്പില്ലാതെ എന്തായാലും ബങ്കറിന് പുറത്ത് ഇറങ്ങുന്നില്ലെന്ന് തീരുമാനിച്ചാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഇവിടെ നിന്നും 700-900 കി. മീറ്റർ ദൂരമുണ്ട് അതിർത്തിലേക്ക്. പുറത്തേക്കുള്ള യാത്ര അത്ര സുരക്ഷിതമല്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം -റുമാന ഫിദ പറയുന്നു.
കർണാടകയിലെ കൂർഗ് സ്വദേശിയും ഖത്തറിൽ ബിസിനസുകരനുമായ അബൂട്ടിയുടെ മകളാണ് റുമാന. ദിവസവും മകളുമായി ബന്ധപ്പെടുന്നുണ്ടെന്നും എളുപ്പത്തിൽ ഇവരെ ഇന്ത്യയിലേക്ക് മടക്കിയെത്തിക്കാൻ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ അടിയന്തരമായി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.