അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, സ്പെയിൻ രാജാവ് ഫിലിപ് ആറാമൻ, വെനിസ്വേല പ്രസിഡന്റ് നിക്കളസ് മദൂറോ
ദോഹ: ഇസ്രായേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സ്പെയിൻ രാജാവ് ഫിലിപ് ആറാമൻ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പരമാധികാരം നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമീർ വിശദീകരിച്ചു. ഖത്തറിന്റെ സുരക്ഷക്ക് ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കംവെക്കുന്നതുമായ ആക്രമണത്തെ എതിർക്കുന്നതായി വെനിസ്വേല പ്രസിഡന്റ് നികളസ് മദൂറോ പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംഭാഷണത്തിനിടെ, ഖത്തറിനോടുള്ള ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിലും മധ്യസ്ഥ ശ്രമങ്ങളിലും അമീറിന്റെയും ഖത്തറിന്റെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഉസ്ബകിസ്താൻ പ്രസിഡന്റ് ഡോ. ഷവ്കത്ത് മിർസിയോയേവ്, ഇത്യോപ്യയുടെ പ്രധാനമന്ത്രി ഡോ. അബി അഹ്മദ് അലി എന്നിവരും കഴിഞ്ഞദിവസങ്ങളിൽ അമീറിനെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.