ദോഹ: വർണവിസ്മയമൊരുക്കി പ്രകാശത്തിന്റെ ഉത്സവമായ ലാന്റേൺ ഫെസ്റ്റിവലിന് ഖത്തർ അൽ ബിദ പാർക്കിൽ തുടക്കമാകുന്നു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒന്നിച്ച് വിനോദ -ഉല്ലാസ ആഘോഷമൊരുക്കുന്ന ലാന്റേൺ ഫെസ്റ്റിവൽ നവംബർ 27 മുതൽ ആരംഭിക്കും. 2026 മാർച്ച് 28 വരെ പരിപാടി നീണ്ടുനിൽക്കും.
അൽ ബിദ പാർക്കിൽ ഒരുങ്ങുന്ന ലാന്റേൺ ഫെസ്റ്റിവൽ
സേഫ് ഫ്ലൈറ്റ് സൊലൂഷൻസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരാതന ചൈനീസ് കലകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നൂറുകണക്കിന് പ്രകാശിക്കുന്ന ശിൽപരൂപങ്ങൾ പ്രദർശിപ്പിക്കും. ചൈനയിലെ വെസ്റ്റേൺ ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ ഉടലെടുത്ത ലാന്റേൺ ഫെസ്റ്റിവൽ, ഏഷ്യയും യൂറോപ്പും കടന്ന് ലോക പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ആഗോള വിനോദ കലാരൂപമായി വളർന്നിട്ടുണ്ട്. സേഫ് ഫ്ലൈറ്റ് സൊലൂഷൻസ്, അൽ ബിദ പാർക്കുമായുള്ള പങ്കാളിത്തത്തിലൂടെ ഖത്തറിലെ ശൈത്യകാലത്ത് കല-സാംസ്കാരിക പരിപാടികളൊരുക്കി ജനങ്ങൾക്കിടയിൽ പ്രത്യാശയുടെയും ഐക്യത്തിന്റെയും ആഘോഷമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.
ലാന്റേൺ ഫെസ്റ്റിവൽ സീസണിൽ കുടുംബത്തോടൊന്നിച്ച് വിനോദ സാംസ്കാരിക പരിപാടികളുടെ കേന്ദ്രമായി അൽ ബിദ പാർക്ക് മാറും. പരമ്പരാഗത ലാന്റേൺ ആർട്ടിൽ പ്രശസ്തരായ ഹെയ്തിയൻ കൾച്ചറുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. മൃഗങ്ങൾ, പ്ലാന്റ്സ്, കൾച്ചറൽ ഐക്കണുകൾ എന്നിവയുടെ പ്രകാശിക്കുന്ന ശിൽപങ്ങൾ വിവിധ തീം സോണുകളിൽ പ്രദർശിപ്പിക്കും.
കുട്ടികൾക്കായി ഇൻഫ്ലാറ്റബിളുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവയൊരുക്കി ഫാമിലി ഫൺ സോൺ ഒരുക്കും.
കൂടാതെ, വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാക്കി ഇന്റർനാഷനൽ ഫുഡ് കോർട്ടും സജ്ജീകരിക്കും. ലാന്റേൺ ഫെസ്റ്റിവലിൽ സന്ദർശകർക്ക് മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
ഖത്തർ ബലൂൺ ഫെസ്റ്റിവൽ, വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ, ലുസൈൽ സ്കൈ ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ഖത്തറിലെ പ്രധാനപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള സേഫ് ഫ്ലൈറ്റ് സൊലൂഷൻസ് ഗ്രൂപ് ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആകർഷകമായ ലൈറ്റ് എക്സിബിഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.