കേരളത്തിന് അഭിമാനം: അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഖത്തറിലെ പ്രവാസി മലയാളി താഹാ മുഹമ്മദ്

ദോഹ: അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഖത്തറിലെ പ്രവാസി മലയാളി താഹാ മുഹമ്മദ് അബ്ദുല്‍ കരീം. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍സ് കൗണ്‍സില്‍ (ഐ.ബി.പി.സി) പ്രസിഡന്റും തിരുവനന്തപുരം സ്വദേശിയുമായ താഹാ മുഹമ്മദിനെ, അര്‍ക്കന്‍സസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി (അര്‍ക്കന്‍സസ് ട്രാവലര്‍) ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ് വെല്‍റ്റ്, പ്രസിഡന്റ് റൊണാള്‍ഡ് റൈഗന്‍, നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, കവയിത്രിയും എഴുത്തുകാരിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ, ബോക്‌സര്‍ മുഹമ്മദ് അലി, ടെന്നീസ് ഇതിഹാസം ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഇതിഹാസ ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐ.ബി.എമ്മിന്റെ സഹസ്ഥാപകനായ തോമസ് ജെ. വാട്‌സണ്‍ എന്നിവരും ഈ പദവി അലങ്കരിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പിന്നാലെയാണ് ഒരു ഇന്ത്യക്കാരന്‍ ഈ പദവിയില്‍ എത്തുന്നത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ 'പ്രകൃതി സംസ്ഥാനം' എന്നറിയപ്പെടുന്ന അര്‍ക്കന്‍സസിന് ആഗോളതലത്തില്‍ മികച്ച ബന്ധങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഗുഡ്‌വില്‍ അംബാസിഡറുടെ പ്രധാന ദൗത്യം.

അര്‍ക്കന്‍സസിന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും നിലപാടുമെല്ലാം യുനൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിനും അധികാരപ്പെടുത്തിക്കൊണ്ടുള്ളതാണ് താഹാ അബ്ദുൽ കരീമിന്റെ നിയമനം. അര്‍ക്കന്‍സസ് ഗുഡ്‌വില്‍ അംബാസിഡറായി നിയമനം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് താഹാ മുഹമ്മദ് അബ്ദുല്‍ കരീം പറഞ്ഞു. അര്‍ക്കന്‍സസിന്റെ മൂല്യങ്ങളെയും സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും മഹത്തായ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

23 വര്‍ഷമായി ബിസിനസ് കണ്‍സള്‍ട്ടിങ്, റീട്ടെയില്‍, ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വിസസ്, ട്രേഡിങ്, സ്ട്രാറ്റജിക് അഡ്വൈസര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന താഹാ അബ്ദുൽ കരിം നിലവില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ പ്രത്യേക ഉപദേഷ്ടാവാണ്. കൂടാതെ ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ മാസ്‌കര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡ് അഡ്വൈസറുമാണ്. വൈവിധ്യമാര്‍ന്ന ബിസിനസ് കൂട്ടായ്മയായ വത്‌നാന്‍ ഹോള്‍ഡിംഗിന്റെ കണ്‍സള്‍ട്ടന്റും കൂടിയാണ്. ജി.സി.സിയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ ക്ലബിന്റെ സെക്രട്ടറിയും ക്ലബിന്റെ ബോര്‍ഡ് പ്രതിനിധിയും ഖത്തര്‍ കണ്‍ട്രി ഹെഡുമാണ്.

ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍, സ്റ്റാന്‍ഫോര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എം.ഐ.ടി, വാര്‍ട്ടണ്‍, കേംബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സ്, കൊളംബിയ, ഹെന്‍ലി, ഐ.ഐ.എം അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും സ്വന്തമാക്കിയിട്ടുള്ള താഹ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

Tags:    
News Summary - Kerala is proud: Taha Mohammed, an expatriate Malayali in Qatar, becomes the Goodwill Ambassador of the state of Arkansas in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.