ദോഹ: കേരളം അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അതിദരിദ്രർ ഇല്ലാത്ത അപൂർവ ദേശങ്ങളിലൊന്നാണ് കേരളമെന്നും ഔദ്യോഗിക പ്രഖ്യാപനം നവംബർ ഒന്നിന് നടത്തുമെന്നും ദോഹയിലെ അബൂ ഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച മലയാളോത്സവം 2025 പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിക്ഷേപ അന്തരീക്ഷവും അടിസ്ഥാന സൗകര്യ മേഖലയും വൻതോതിൽ വികസിച്ചു. ഒന്നും നടക്കില്ല എന്നു കരുതിയ സ്ഥാനത്ത്, കേരളത്തിൽ ഇപ്പോൾ പലതും നടക്കുമെന്ന ധാരണയിലേക്ക് ആളുകളെത്തി. തുടർച്ചയായ വികസനവും പശ്ചാത്തല സൗകര്യവും വികസിച്ച കേരളത്തിൽ ജനങ്ങളുടെ നിരാശ മാറി.
നാടിന് ആവശ്യമായ എല്ലാ വികസന പദ്ധതികളും എതിർപ്പുകളെ മറികടന്ന് സർക്കാർ നടപ്പാക്കി. വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിട്ടുനിന്നു. പൊതുവിദ്യാലയങ്ങൾ നവീകരിക്കുകയും ക്ലാസ് മുറികൾ സ്മാർട്ടാകുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ യൂനിവേഴ്സിറ്റികൾ വലിയ മുന്നേറ്റമുണ്ടാക്കി. ദേശീയതലത്തിൽ ആദ്യ സ്ഥാനങ്ങളിൽ കേരളത്തിലെ യൂനിവേഴ്സിറ്റികളാണ്. ആരോഗ്യ രംഗം ശക്തിപ്പെട്ടു. കോവിഡ് പ്രതിസന്ധിക്കാലത്ത് വലിയ രാജ്യങ്ങൾ പോലും ആശങ്കയിലായപ്പോൾ കേരളത്തിലെ ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യങ്ങളുണ്ടായിരുന്നു. ഇത് കോവിഡ് കാലത്തെ ഒരുക്കിയ സൗകര്യങ്ങളായിരുന്നില്ല; മറിച്ച്, നമ്മുടെ ചികിത്സ സൗകര്യം ഏറെ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളെ ഖത്തറിലെ പ്രവാസികളുമായി പങ്കുവെച്ച മുഖ്യമന്ത്രി ക്ഷേമ പെൻഷൻ വർധനയെയും സൂചിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 2000 രൂപയാക്കി. സ്ത്രീസുരക്ഷ പെൻഷൻ സ്ത്രീകൾ സന്തോഷത്തോടെ സ്വീകരിച്ചതായും ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷത വഹിച്ചു. ഫിഷറീസ് സാസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിപുൽ, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസുഫലി, നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളം മിഷൻ കണിക്കൊന്ന ആദ്യ ബാച്ചിലെ നൂറ് പഠിതാക്കളുടെ പരീക്ഷ ഫല പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു.
മലയാളോത്സവം 2025 പരിപാടിയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ ‘മലയാളം ഭാഷതൻ’ സപ്ലിമെന്റ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഗൾഫ് മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു.
അതേസമയം, കഴിഞ്ഞദിവസം രാവിലെ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിന്ത് അലി ബിന്‍ നാസിര്‍ അല്‍ മിസ്നദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിന്റെ വ്യവസായിക സാധ്യതകൾ, നിക്ഷേപക സൗഹൃദ നയങ്ങൾ, ഖത്തറിലെ ബിസിനസ് രംഗത്ത് ഇടപെടാൻ പ്രവാസി സംരംഭകർക്കുള്ള അവസരങ്ങൾ എന്നിവ അദ്ദേഹം പങ്കുവെച്ചു.
മാനുഷിക മേഖലയിൽ മന്ത്രി മർയം ബിന്ത് അലി ബിന്‍ നാസിര്‍ അല്‍ മിസ്നദ് നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി കേരളത്തിന്റെ ആദരം ഷീൽഡ് ഓഫ് ഹ്യുമാനിറ്റി മുഖ്യമന്ത്രി അവർക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിക്കുയും ചെയ്തു.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. തുടർന്ന് ഖത്തർ ചേംബറിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗമയ അബ്ദുർറഹ്മാൻ അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസുഫലി, ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, നോർക്ക ഡയറക്ടർ സി.വി. റപ്പായി എന്നിവർ സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.