ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്ലാമിന് കൃത്യമായ പരിഹാരം നിർദേശിക്കാനാകുമെന്നും ഇസ്ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെക്കുറിച്ച് അറിയാൻ നാം ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ് ലാമിക് കൾചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു. ഏത് സാമൂഹിക സാഹചര്യങ്ങളിലും ഒരു വിശ്വാസി ജീവിക്കേണ്ടത് അഭിമാനപൂർവമായിരിക്കണം. ഒരിക്കലും നാം നിരാശനായി ജീവിക്കേണ്ടവരല്ല. ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നവരാവാനും നമുക്ക് സാധിക്കണം. നിരന്തരമായ പഠനങ്ങൾ വഴി പുതിയ ജീവിത വെളിച്ചം തേടാൻ തയാറാവുന്നതിലൂടെ മാറ്റങ്ങൾ സാധ്യമാകണം. വിമർശനങ്ങളെ ഇസ്ലാം പഠിപ്പിച്ച സാമൂഹിക നന്മകൾ ജീവിതത്തിൽ പകർത്തുന്നതിലൂടെ നേരിടാൻ നാം പരിശീലിക്കണം. ഇസ്ലാമിക ഭരണം നിലനിന്ന രാജ്യങ്ങളിൽ വിവിധ സമൂഹങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ച നിരവധി ചരിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇസ്ലാമിനെ വികൃതമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചരിത്ര പഠനത്തിലൂടെ പ്രതിരോധിക്കാൻ സാധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്ലാമിക് കൾചറൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ റഷീദ് അൽകൗസരി, മുജീബ് റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.