ദോഹ: നമ്മുടെ കൂട്ടത്തിലൊരാൾ വീണാൽ, അത് ലോകത്തെവിടെയാണെങ്കിലും കൈത്താങ്ങാവാൻ ഒരു മലയാളി ഓടിയെത്തുമെന്നത് വലിയൊരു സത്യമാണ്. ആ സത്യത്തിന് സാക്ഷിയായവരാണ് കെനിയയിലെ വിദൂരദിക്കിൽ അപകടത്തിൽ പെട്ട ഖത്തറിൽനിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന സംഘം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് മലയാളികളുടെ മരണത്തിനും, 27 പേർക്ക് പരിക്കേൽകാനും ഇടയാക്കിയ ദുരന്തം നടന്ന് അഞ്ചാം ദിവസത്തിലെത്തുമ്പോഴും ആഫ്രിക്കയിൽ അവർക്ക് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി ഈ മലയാളി സംഘങ്ങളുണ്ട്. ദോഹയിൽനിന്ന് വിനോദയാത്ര പോയ 28 അംഗ സംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞ് പാടേ തകർന്ന ബസിൽനിന്ന് പരിക്കേറ്റവരെയും ജീവൻ നഷ്ടമായവരെയും തദ്ദേശീയരായ രക്ഷാപ്രവർത്തകരും പൊലീസും ചേർന്ന് സമീപ സ്ഥലങ്ങളിലെ ആശുപത്രിയിലെത്തിച്ച വാർത്തക്കു പിന്നാലെത്തന്നെ കെനിയയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഓടിയെത്തിയിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി ഉൾക്കൊള്ളുന്ന മേഖലയായ ന്യാഹുരുരു മേഖലയിലുള്ള ഏതാനും മലയാളികളാണ് ആദ്യം ആശുപത്രിയിലെത്തിയത്. അപകടത്തിന്റെ ഞെട്ടലിൽ തകർന്നുപോയവരുടെ വേണ്ടപ്പെട്ടവരായി അവരെല്ലാം നിലകൊണ്ടു. അപകടവാർത്ത അറിഞ്ഞയുടൻ കെനിയയിലെ കേരള അസോസിയേൻ പ്രവർത്തകരും ലോകകേരള സഭ അംഗങ്ങളും സജീവമായി. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് അപകടം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽതന്നെ കെനിയയിൽനിന്ന് ആദ്യ ഫോൺ സന്ദേശമെത്തി. ഇന്ത്യൻ അംബാസഡർ വിപുലിന്റെ ശ്രദ്ധയിൽ പെടുത്തി, അദ്ദേഹം വഴി കെനിയയിലെ ഇന്ത്യൻ ഹൈകമീഷണറെ അപകട വാർത്ത അറിയിച്ചതോടെ ഔദ്യോഗിക സംവിധാനങ്ങളും ഊർജിതമായി.
തിങ്കളാഴ്ച രാത്രിയോടെത്തന്നെ പരിക്കേറ്റവരെയും മരിച്ചവരെയും എത്തിച്ച ആശുപത്രികളിൽ മലയാളി വളന്റിയർമാർ എത്തിച്ചേർന്നതായി കെനിയയിലെ സാമൂഹിക പ്രവർത്തകനും മുൻ ലോകകേരള സഭ അംഗവുമായ സജിത് ശങ്കർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തലസ്ഥാനമായ നൈറോബിയിൽനിന്ന് 300ലേറെ കിലോമീറ്റർ ദൂരമുണ്ട് ഇവരെ പ്രവേശിച്ച ആശുപത്രിയിലേക്ക്. നൈറോബി കേന്ദ്രീകരിച്ചാണ് കൂടുതൽ മലയാളികളുള്ളത്. ഇവിടെനിന്ന് രാവിലെത്തന്നെ നിരവധിപേർ സേവന സന്നദ്ധരായി ആശുപത്രികളിലേക്ക് കുതിച്ചിരുന്നു. ഇന്ത്യൻ ഹൈകമീഷൻ നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ, കേരള മലയാളി അസോസിയേഷൻ, തമിഴ് കൾചറൽ അസോസിയേഷൻ, കർണാടക അസോസിയേഷൻ എന്നിവരുടെ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
ചെയർമാൻ ജോലറ്റ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കേരള അസോസിയേഷൻ അംഗങ്ങൾ പ്രവർത്തിച്ചത്. മുൻ ലോകകേരള സഭ അംഗം കായംകുളം സ്വദേശി രാജ്മോഹൻ ജി.പി, നിലവിലെ ലോകകേരള സഭ അംഗം പാലക്കാട് സ്വദേശി നാരായണ പ്രസാദ് എന്നിവരും രംഗത്തെത്തി. പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിന് രൂപം നൽകിയായിരുന്നു പ്രവർത്തനങ്ങളുടെ ഏകോപനം. ന്യാഹുരുരുവിലെ രണ്ട് ആശുപത്രികളിലും മുഴുസമയങ്ങളിലായി വളന്റിയർമാർ സേവനം ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായതെല്ലാം എത്തിച്ചും, ഫോൺ നഷ്ടമായവർക്ക് പ്രിയപ്പെട്ടവരെ വിളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകിയും, ഭക്ഷണം-വെള്ളം എന്നിവ എത്തിച്ചും, സമാശ്വസിപ്പിച്ചും തങ്ങളാലാവുന്നത് ചെയ്തു.
അപകട രക്ഷാപ്രവർത്തനത്തിന് മൂന്നു വിഭാഗങ്ങളായി തിരിച്ച് പ്ലാൻ ഒരുക്കിയായിരുന്നു ഏകോപനം നിർവഹിച്ചത്. ന്യാഹുരുരുവിലെ ആശുപത്രിയിൽനിന്ന് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും നൈറോബിയിലെ പ്രധാന ആശുപത്രിയിലെത്തിക്കുകയായിരുന്നു ആദ്യ ദൗത്യം. ഇൻഷുറൻസ് കമ്പനി തയാറാക്കിയ എയർ ആംബുലൻസ് വഴി ഏതാനും പേരെയും, ശേഷിച്ചവരെ റോഡ് മാർഗം ആംബുലൻസിലും നൈറോബിയിലെത്തിച്ചു. അപ്പോഴേക്കും പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും കെനിയയിലെത്തിയിരുന്നു. ചികിത്സയും പൂർത്തിയാവുന്നതോടെ, പരിക്കേറ്റവരും മൃതദേഹങ്ങളും നാട്ടിലേക്ക് വിമാനം കയറുന്നതുവരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് മലയാളി അസോസിയേഷൻ പ്രവർത്തകർ പറയുന്നു.
പരിക്കുപറ്റിയവർ അപകടത്തിന്റെ ആഘാതത്തിനിടയിലും തങ്ങളുടെ ഉറ്റവരെ അന്വേഷിക്കുമ്പോൾ അവരെ സമാശ്വസിപ്പിക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ ലോകകേരള സഭ അംഗം ചാവക്കാട് സ്വദേശിയായ സജിത് ശങ്കർ പറയുന്നു. തങ്ങളുടെ പ്രിയതമ മരിച്ചതറിയാതെയായിരുന്നു പരിക്കേറ്റവർ ആശുപത്രിയിൽ കഴിഞ്ഞത്. സന്തോഷം പങ്കുവെച്ചുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചപ്പോൾ ആശുപത്രിക്കിടക്കയിൽനിന്ന് അവർ മക്കളെയും ഭാര്യയെയും അന്വേഷിക്കുമ്പോൾ ഉത്തരം നൽകാനാവാതെ വളന്റിയർമാരും പാടുപെട്ടു. ‘ഭാര്യക്കും മകൾക്കുമൊപ്പം യാത്രചെയ്ത തൃശൂർ സ്വദേശി മുഹമ്മദ് ഹനീഫിനോട് പ്രിയതമയുടെയും കുഞ്ഞിന്റെയും മരണ വാർത്ത അറിയിക്കാൻ ഏറെ പ്രായസപ്പെട്ടു. ആശുപത്രിയിലെത്തിയപ്പോൾ മകളെയും ഭാര്യയെയും അന്വേഷിക്കുകായായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിൽ മരണവാർത്ത അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. പരിക്ക് ഗുരുതരമായതിനാൽ നൈറോബിയിലെ ആശുപത്രിയിലെത്തിച്ചുവെന്ന് കള്ളം പറഞ്ഞാണ് ഞങ്ങൾ പിടിച്ചുനിന്നത്. അധികം വൈകാതെ മുഹമ്മദ് ഹനീഫയുടെ സഹോദരി നൈറോബിയിലെത്തിയത് അനുഗ്രഹമായി മാറി. ഒടുവിൽ അവരാണ് ജസ്നയുടെയും മകളുടെയും മരണവാർത്ത ഹനീഫയെ അറിയിക്കുന്നത്’ - തങ്ങൾ കടന്നുപോയ വൈകാരിക നിമിഷത്തെക്കുറിച്ച് കെനിയയിൽനിന്നുള്ള മലയാളി പറഞ്ഞു. ഖത്തറിലെ അധ്യാപികയായ ഗീത ഷോജിയുടെ മരണ വാർത്ത അവരുടെ ഭർത്താവിനെയും ഏറെ വൈകിമാത്രമാണ് അറിയിക്കാനായത്.
പരിക്കേറ്റവർ വെള്ളിയാഴ്ചയോടെ ആശുപത്രിയിൽ ഡിസ്ചാർജായി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച മലയാളി ആശുപത്രി വിട്ടു. ശനി, ഞായർ ദിവസങ്ങളിലായി കൂടുതൽ പേർക്ക് ആശുപത്രി വിടാൻ കഴിയുമെന്ന് നൈറോബി ആശുപത്രി മെഡിക്കൽ ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ആദ്യ മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. പലരുടെയും അടുത്ത ബന്ധുക്കൾ ഇതിനകംതന്നെ കെനിയയിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങളെല്ലാം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. പരിക്കേറ്റവർ ആരോഗ്യസ്ഥിതി അനുസരിച്ച് ഖത്തറിലോ ഇന്ത്യയിലോ എത്തി തുടർ ചികിത്സ ഉറപ്പാക്കും. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി ട്രാവൽ ഏജൻസി പ്രതിനിധികളും നൈറോബിയിലുണ്ട്.
വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ടത് ഏറെ ഗൗരവത്തോടെയാണ് കെനിയൻ അധികൃതർ ഉൾക്കൊണ്ടതെന്ന് സജിത് ശങ്കർ പറഞ്ഞു. ടൂറിസം പ്രധാന വരുമാനമാർഗമായ കെനിയയിൽ ഈ അപകടം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ടൂറിസം റെഗുലേറ്ററി അതോറിറ്റി, നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കെനിയയിൽ വെച്ച് തങ്ങൾക്ക് ഇത് ആദ്യ അനുഭവമാണെന്ന് 27 വർഷമായി ഇവിടെ പ്രവാസിയായ സജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.