2022ലെ കതാറ ദൗ ഫെസ്റ്റിൽ ലോകകപ്പ് രാജ്യങ്ങളുടെ ദേശീയപതാകകളുമായി ഇറങ്ങിയ
പായ്ക്കപ്പലുകൾ
ദോഹ: പായ്ക്കപ്പലുകളും കടലോര ജീവിതത്തിന്റെ പൈതൃകങ്ങളുമായി കതാറ ദൗ ഫെസ്റ്റിവൽ തിരികെയെത്തുന്നു. 13ാമത് കതാറ പൈതൃക ഫെസ്റ്റിവലിന് നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെ കതാറ കടൽ തീരം സാക്ഷിയാവും. അഞ്ചു ദിനം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഖത്തറിന്റെയും അറബ് ലോകത്തിന്റെയും കടലോര ജീവിതത്തിന്റെ പൈതൃകം വിളിച്ചോതുന്ന പ്രദർശനങ്ങളോടെയാവും പുരോഗമിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ പായ്ക്കപ്പൽ ഫെസ്റ്റിനായി അണിയറയിൽ ഒരുങ്ങുന്നത്. സാംസ്കാരിക പരിപാടികൾ, കലാകാരന്മാരുടെ പ്രദർശനങ്ങൾ, കലാപ്രകടനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ അഞ്ചു ദിവസങ്ങളിലായി അരങ്ങേറും. കടലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഏറെ ആകർഷകമാണ്.
ഓരോ വർഷവും സ്വദേശികൾ, താമസക്കാർ എന്നിവർക്കു പുറമെ വിദേശ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയും ആകർഷിക്കുന്നതാണ് കതാറ ദൗ ഫെസ്റ്റ്. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി നവംബറിലാണ് ഫെസ്റ്റ് നടന്നത്. മേഖലയുടെ കടൽ സംസ്കാരവും പൈതൃകവും ലോകകപ്പ് കാണികൾക്ക് പരിചയപ്പെടുത്തുന്നതിലും ഫെസ്റ്റ് നിർണായകമായി. ഖത്തറിനു പുറമെ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഇറാഖ്, യമൻ, ഇന്ത്യ, തുറക്കിയ, താൻസനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പായ്ക്കപ്പലുകളിലും ഉരുകളിലും എത്തി വിവിധ രാജ്യങ്ങൾ പങ്കാളികളായി. 50 പവിലിയനാണ് കഴിഞ്ഞ വർഷം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.