ഇസ്ഗാവ, അൽ തുമൈദ് പ്രദേശങ്ങളിൽ രണ്ടാം ഘട്ട വികസന പദ്ധതിക്ക് തുടക്കം
ദോഹ: ഇസ്ഗാവ, അൽ തുമൈദ് പ്രദേശങ്ങളിലെ റോഡ് വികസന പദ്ധതിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ ജനസംഖ്യാ വർധനവിനും നഗരവൽക്കരണത്തിനും അനുസൃതമായി റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗലിന്റെ നേതൃത്വത്തിൽ ഏകദേശം 41.8 കോടി ഖത്തരി റിയാൽ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അൽ ദവാഖിൽ സ്ട്രീറ്റ്, നാഷണൽ ഡേ സെറിമോണിയൽ റോഡ്, അൽ ഖോർ റോഡ് എന്നിവക്കിടയിലുള്ള ഏകദേശം 600,000 ചതുരശ്ര മീറ്റർ പ്രദേശത്തായാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പ്രദേശവാസികൾക്കും റോഡ് ഉപയോക്താക്കൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനുമായി പദ്ധതിയെ മൂന്ന് മേഖലകളായി തിരിച്ച് വിവിധ ഘട്ടങ്ങളായാണ് നിർമാണം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്കും അംഗീകൃത സംവിധാനങ്ങൾക്കും അനുസൃതമായാണ് പദ്ധതി പുരോഗമിക്കുന്നത്. രണ്ടാം ഘട്ട പദ്ധതി പൂർത്തിയാകുന്നതോടെ 771 പ്ലോട്ടുകൾക്കും, സ്കൂളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പള്ളികൾ എന്നിവക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകും. റോഡ് ശൃംഖലയുടെ വികസനം, പ്രാദേശിക റോഡുകളെ പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. 23 കിലോമീറ്റർ റോഡ് നിർമാണവും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കുമായി 30 കിലോമീറ്റർ പാതകളും ഒരുക്കും.
കൂടാതെ 2,730 പാർക്കിങ് ഇടങ്ങളും 589 തെരുവ് വിളക്കുകളും സ്ഥാപിക്കും. ഇതോടൊപ്പം റോഡ് സുരക്ഷാ സംവിധാനങ്ങൾ, ട്രാഫിക് സിഗ്നലുകൽ, റോഡ് മാർക്കിങ്ങുകൾ എന്നിവയും ഉൾപ്പെടുന്നു.
23 കിലോമീറ്റർ ദൈർഘ്യത്തിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖലയും, മലിനജല നിർമ്മാർജനത്തിനായി 15 കിലോമീറ്റർ ശൃംഖലയും നിർമിക്കും. ഹരിത ഇടങ്ങളിൽ ജലസേചനം നടത്തുന്നതിനായി 6 കിലോമീറ്റർ ട്രീറ്റഡ് സീവേജ് ഫ്ലുവന്റ് നെറ്റ്വർക്ക് നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.