ജിദാരി ആർട്ടിന്റെ ഭാഗമായി ഇന്ത്യ-പാക് കലാകാരന്മാർ മൻസൂറ മെട്രോ സ്റ്റേഷനരികിൽ വരച്ച ട്രക്ക് ആർട്ട്’
ദോഹ: ദോഹയിലെ മൻസൂർ മെട്രോ സ്റ്റേഷനരികിലൂടെ നടന്നുപോകുമ്പോൾ ഒരുപക്ഷേ, ഇന്ത്യയിലെത്തിയ അനുഭവമാവും കാത്തിരിക്കുന്നത്. നിറയെ ചിത്രങ്ങളും വരകളും പല നിറങ്ങളുമായി ഇന്ത്യൻ റോഡുകളിൽ രാജകീയമായി സഞ്ചരിക്കുന്ന കൂറ്റൻ ട്രക്കുകൾ ദോഹയിൽ സ്ഥാപിച്ചതുപോലെ.
മെട്രോ സ്റ്റേഷന് സമീപത്തെ ഭീമൻ ചുവരിലാണ് ജിദാരി ആർട്ടിന്റെ ഭാഗമായി ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമുള്ള കലാകാരന്മാർ ട്രക്ക് ആർട്ട് പുനരാവിഷ്കരിച്ചത്.
ഏഷ്യൻ രാജ്യങ്ങളിലെ ട്രക്കുകളും ബസുകളും ഇഷ്ടാനുസൃതമാക്കുന്നതിൽനിന്ന് വികസിക്കുന്ന കലാരൂപമാണ് ട്രക്ക് ആർട്ട്. ഓൾ ഇന്ത്യ പെർമിറ്റ് ജോഡികളായ ഷബ്ബു പെയിന്ററെന്ന് അറിയപ്പെടുന്ന ലാക് അഹ്മദ് അകയും ഫരീദ് ബാവയും ഇന്ത്യയിലെ ജനപ്രിയ ട്രക്ക് ആർട്ടിന് ബ്രഷ് ചലിപ്പിച്ചപ്പോൾ, പാകിസ്താനിൽനിന്നുള്ള അലി സൽമാൻ, മുംതാസ് അഹ്മദ്, മുഹമ്മദ് അമീൻ എന്നിവരുൾപ്പെടുന്ന ഫൂൽപാട്ടി സംഘമാണ് പാകിസ്താൻ ട്രക്ക് ആർട്ടിന് രൂപം നൽകിയത്.
ഖത്തർ-പാകിസ്താൻ സൗഹൃദ സന്ദേശവുമായി പാക് ചുവർചിത്രം പ്രകൃതിയെയും അതിന്റെ വിവിധ ഘടകങ്ങളെയും ചിത്രീകരിക്കുമ്പോൾ ഇന്ത്യൻ ട്രക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഏഴ് ഭാഷകളിലായി (ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ്, ബംഗ്ലാ, അറബിക്, ഉർദു) മുദ്രാവാക്യങ്ങളുയർത്തിയുള്ള ഊർജസ്വലമായ ടൈപ്പോഗ്രഫിയാണ് ചുവരിൽ പകർത്തിയത്. പാകിസ്താൻ പൈതൃകത്തിന്റെ സൗന്ദര്യം മൻസൂറ ചുവരുകളിൽ കലാരൂപത്തിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്നും പാകിസ്താന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും ഉയർത്തിക്കാട്ടുന്ന ഫൂൽപാട്ടിയുടെ സമർപ്പണത്തിന്റെ ഉത്തമോദാഹരണമാണ് ട്രക്ക് ആർട്ട് ചുവർചിത്രമെന്നും അലി സൽമാൻ അഞ്ചാൻ പറഞ്ഞു.
ദോഹ നഗരം ഒരു ആർട്ട് മ്യൂസിയമാണെന്നായിരുന്നു ഫരീദ് ബാവയുടെ പ്രതികരണം. വിമാനത്താവളത്തിലെ കലാരൂപങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിശാല സമൂഹത്തിന് കൃത്യമായ ഇടം നൽകാനും നഗരത്തിലുടനീളം പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പൊതു കലാസംരംഭമാണ് ജിദാരി ആർട്ടെന്ന് ഖത്തർ മ്യൂസിയം പബ്ലിക് ആർട്ട് ഡയറക്ടർ അബ്ദുറഹ്മാൻ അഹ്മദ് അൽ ഇസ്ഹാഖ് പറഞ്ഞു. ഓൾ ഇന്ത്യ പെർമിറ്റും ഫൂൽപാട്ടിയും ജിദാരി ആർട്ടിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും അൽ ഇസ്ഹാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.