ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിൽ പങ്കെടുത്ത ഖത്തർ വാണിജ്യകാര്യ അസി.അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി വ്യവസായ പ്രമുഖർക്കൊപ്പം
ദോഹ: ഖത്തറിന്റെ ഏറ്റവും പ്രബലരായ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ അസി.അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി. ഖത്തറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
2021-22 സാമ്പത്തിക വർഷത്തിൽ അവ 33 ശതമാനം വർധിച്ച് 17.2 ബില്യൺ ഡോളറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം, വ്യാപാരം, സേവനങ്ങൾ എന്നിവയിലെ പുതിയ ചക്രവാളങ്ങൾ എന്ന തലക്കെട്ടിൽ ന്യൂഡൽഹിയിൽ നടന്ന ആറാമത് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ അറബ് രാജ്യങ്ങളും ഇന്ത്യയും, പ്രത്യേകിച്ച് ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തത്തെ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുകയും പ്രശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലെ ഉറപ്പെന്ന നിലയിലും പങ്കാളിത്തത്തിലെ വിശ്വാസത്തിന്റെ ഭാഗമായിട്ടുമാണ് സമ്മേളനത്തിലെ ഖത്തറിന്റെ പങ്കാളിത്തമെന്നും സാലിഹ് മാജിദ് അൽ ഖുലൈഫി പറഞ്ഞു.
അറബ് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളുടെ പ്രയോജനത്തിനായി അറബ്, ഏഷ്യൻ വിപണികളിലെ പരസ്പര നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാവി പാതകൾ ഏകീകരിക്കുന്നതിനുള്ള സംയുക്ത പദ്ധതികൾ സ്ഥാപിക്കാനുള്ള ആഗ്രഹവും അൽ ഖുലൈഫി സംസാരത്തിനിടെ പ്രകടിപ്പിച്ചു.
ഖത്തറിന്റെ സമ്പദ് വ്യവസ്ഥയും പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ അതിന്റെ മുൻനിര സ്ഥാനവും ചൂണ്ടിക്കാട്ടുന്നതിനും ഖത്തർ മുന്നോട്ടുവെക്കുന്ന ആകർഷകമായ നിക്ഷേപ അന്തരീക്ഷം പരിചയപ്പെടുത്താനും സമ്മേളനത്തിലെ പങ്കാളിത്തത്തിലൂടെ കഴിഞ്ഞു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ, കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായം, ഭക്ഷ്യസുരക്ഷ, ഊർജം തുടങ്ങി നിരവധി വിഷയങ്ങളിൽ ആഴമേറിയ ചർച്ചകൾക്കും രണ്ട് ദിവസത്തെ സമ്മേളനം സാക്ഷ്യം വഹിച്ചു.
വ്യവസായികളും നിക്ഷേപകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അറബ് രാജ്യങ്ങൾക്കും ഇന്ത്യക്കും ഇടയിലുള്ള വാണിജ്യ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ വിശകലനം ചെയ്യുന്നതുമായി ബന്ധപ്പെട്ടും അറബ്-ഇന്ത്യൻ വ്യവസായികൾ തമ്മിലുള്ള യോഗങ്ങൾക്കും സമ്മേളനം വേദിയായി.
അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമായി 2008ലാണ് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.