ദോഹ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), മലയാളം ലിറ്ററേച്ചർ ക്ലബിന്റെയും വിവിധ മലയാളി കൂട്ടായ്മകളുടെയും സഹകരണത്തോടെ കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് വൈകീട്ട് ഏഴിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായി പങ്കെടുക്കും.
കേരള സംസ്ഥാന രൂപവത്കരണത്തെ അനുസ്മരിക്കുകയും കലാ -സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന പരിപാടിയിൽ വിവിധങ്ങളായ പരിപാടികൽ നടക്കും. ദൈവത്തിന്റെ സ്വന്തം നാടിന്റെ രുചി വൈവിധ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കേരള ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഹ്രസ്വ വിഡിയോ റീൽസ് മത്സരവും കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത താളവാദ്യ വിദഗ്ധനായ ഡോ. തൃശൂർ കൃഷ്ണകുമാർ സോപാന സംഗീതവും അവതരിപ്പിക്കും. പരിപാടിയിൽ വിവിധ സ്കൂളുകളിലെ മലയാളം വിഭാഗം മേധാവികൾക്കുള്ള ആദരവും നടക്കും.
ഐ.സിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 52 മലയാളി അസോസിയേഷനുകളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആഘോഷം അവിസ്മരണീയമാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു.
ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബു രാജൻ, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായ പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ്, ഫിനാൻസ് മേധാവി ബിശ്വജിത് ബാനർജി, കൾച്ചറൽ ആക്റ്റിവിറ്റീസ് ഹെഡ് നന്ദിനി അബ്ബ ഗൗണി, അഫിലിയേഷൻ മേധാവി രവീന്ദ്ര പ്രസാദ്, വെങ്കപ്പ ഭാഗവതുല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.