ദോഹ: പ്രഫഷനൽ മുന്നേറ്റത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) മൺഡേ ബൈറ്റ്സ് പരമ്പരയുടെ 25ാമത് സെഷൻ പൂർത്തിയാക്കി. 25 സെഷനുകളിൽ വിദഗ്ധരായ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ അറിവ് പകർന്നുനൽകി. മുമ്പ് നടന്ന 24 'മൺഡേ ബൈറ്റ്സ്' സെഷനുകളുടെ ഹ്രസ്വമായ അവലോകനം ഈ സെഷനിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പങ്കുവെച്ച വിജ്ഞാന സമ്പന്നമായ യാത്രയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച നൽകി.
തുടക്കം മുതൽതന്നെ ഖത്തറിലെ ബിസിനസ് സംരംഭകർക്കും വിദഗ്ധർക്കും അറിവ് പങ്കിടാനുള്ള വേദിയായി ‘മൺഡേ ബൈറ്റ്സ്’ മാറി. 1,300ലധികം ആളുകൾ പങ്കെടുത്ത ഈ പരിപാടികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിൽ പ്രഫഷനൽ വികസനത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള താൽപര്യം വ്യക്തമാക്കുന്നു. ധനകാര്യം, സാങ്കേതികവിദ്യ, വ്യക്തിഗത വളർച്ച, എ.ഐ തുടങ്ങിയ വിവിധ മേഖലകളിലെ വിഷയങ്ങൾ ഈ സെഷനുകളിൽ ചർച്ച ചെയ്തിട്ടുണ്ട്.
ചെറിയ ആശയത്തിൽ നിന്ന് തുടങ്ങിയ ഈ പരിപാടി, ബിസിനസ് സംരംഭകർക്കും പ്രഫഷനലുകൾക്കും പഠിക്കാനും, ബന്ധങ്ങൾ സ്ഥാപിക്കാനും, വളരാനും സാധിക്കുന്ന മികച്ച വേദിയായി മാറിയതായി ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു. തുടർച്ചയായ പഠനത്തിലൂടെയും ശക്തമായ നെറ്റ്വർക്കിങ്ങിലൂടെയും പ്രഫഷനൽ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ ഐ.ബി.പി.സിയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.