മദീനയിൽ വൈദ്യുതി നിലയത്തിനുനേരെ ഹൂതി ആക്രമണം: അപലപിച്ച് ഖത്തർ

ദോഹ: മദീനയിൽ വൈദ്യുതി നിലയത്തിനുനേരെയുണ്ടായ ഹൂതി ആക്രമണത്തെ ഖത്തർ രൂക്ഷമായി വിമർശിച്ചു. ഇസ്‌ലാമിലെ വിശുദ്ധ കേന്ദ്രങ്ങളിലൊന്നായ മസ്ജിദുന്നബവിക്കും മറ്റ് സിവിലിയൻ കേന്ദ്രങ്ങൾക്കും വൈദ്യുതി നൽകുന്ന വിതരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി യെമനിൽ ഹൂതികൾക്കെതിരെ പോരാടുന്ന അറബ് സഖ്യസേന നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം ഗുരുതരമായ കടന്നുകയറ്റവും ലോകമെമ്പാടുമുള്ള മുസ് ലിം വിശ്വാസികൾക്കുനേരെയുള്ള വെല്ലുവിളിയുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. സാധാരണക്കാർക്കുനേരെയുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല. ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആരാധനാലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയന്മാർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഖത്തർ ശക്തമായി എതിർക്കുന്നുവെന്നും ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും അതിർത്തികളും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു.

Tags:    
News Summary - Houthi attack on power plant in Medina: Qatar condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.