ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ/കൈറോ: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. വെടിനിർത്തലും ബന്ദിമോചനവും ഉൾപ്പെടെ മധ്യസ്ഥ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായി വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
ചർച്ചയുടെ ഭാഗമായി ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾക്ക് കരാറിന്റെ കരട് രേഖ കൈമാറിയെന്നാണ് സൂചന. അതിനിടെ, ഹമാസ് സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ വെടിനിർത്തൽ ചർച്ചയുടെ ഭാഗമായാണ് സംഘം ഖത്തറിലെത്തിയത്.
അതേസമയം, മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തറും അമേരിക്കയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാറിന്റെ കരട് നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥനും വ്യക്തമാക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തിന്റെ പ്രതിനിധി ബ്രെറ്റ് മക്ഗർക് എന്നിവർ ദോഹയിൽ നടന്ന അവസാന ഘട്ട മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ചീഫ് ഡേവിഡ് ബർണിയ, ആഭ്യന്തര സുരക്ഷ വിഭാഗമായ ഷിൻ ബെത് മേധാവി റോണൻ ബാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ദോഹയിലെത്തിയതായാണ് റിപ്പോർട്ട്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സന്ദർശിച്ചും ചർച്ചകൾ നടത്തി. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പായി വെടിനിർത്തൽ പ്രഖ്യാപനം സാധ്യമാക്കുകയാണ് അമേരിക്ക ഉൾപ്പെടെ മധ്യസ്ഥ സംഘത്തിന്റെ ലക്ഷ്യം. കരാറിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, സമ്പൂർണ വെടിനിർത്തൽ നടപ്പാക്കുക, ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുക, ബന്ദി കൈമാറ്റം ഘട്ടംഘട്ടമായി പൂർത്തിയാക്കുക എന്നീ നിർദേശങ്ങൾ കരാറിലുള്ളതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ നിർദേശങ്ങൾ ഇസ്രായേലും ഹമാസും ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ 15 മാസമായി തുടരുന്ന യുദ്ധത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷകൾ.
24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി ഇസ്രായേൽ, ഹമാസ് കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.