ഹമദ് തുറമുഖത്ത് നിർമാണം പൂർത്തിയാകുന്ന ഭക്ഷ്യസംഭരണ കേന്ദ്രത്തിന്റെ മാതൃക
ദോഹ: ഖത്തറിന്റെ ഭക്ഷ്യ സുരക്ഷപദ്ധതിയുടെ നട്ടെല്ലായി മാറുന്ന ഹമദ് തുറമുഖത്തെ ഭക്ഷ്യ സംഭരണകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാകും. മൂന്ന് ദശലക്ഷം പേർക്കുള്ള അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ ഉൾപ്പെടെ വസ്തുക്കൾ രണ്ട് വർഷത്തേക്ക് സുരക്ഷിതമായി സംഭരിക്കാൻ സാധിക്കുന്ന സ്ട്രാറ്റജിക് ഫുഡ് സെക്യൂരിറ്റി ഫെസിലിറ്റീസ് (എസ്.എഫ്.എസ്.എഫ്) ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
എസ്.എഫ്.എസ്.എഫ് പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും നിലവിൽ കെട്ടിടങ്ങളുടെ പരിശോധന നടന്നുവരുകയാണെന്നും ഹമദ് തുറമുഖപദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. നബീൽ അൽ ഖാലിദി പറഞ്ഞു.
എസ്.എഫ്.എസ്.എഫ് പ്രവർത്തിപ്പിക്കുന്നതിനുള്ള ടെൻഡർ നൽകാനുള്ള നടപടിക്ക് വാണിജ്യ മന്ത്രാലയം തുടക്കം കുറിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ സൗകര്യം പ്രവർത്തനക്ഷമമാകുമെന്ന് ഖത്തർ ടി.വി പരിപാടിയിൽ നബീൽ അൽ ഖാലിദി കൂട്ടിച്ചേർത്തു.
160 കോടി റിയാൽ ചെലവിൽ 53 ഹെക്ടർ വിസ്തൃതിയിലാണ് ഹമദ് തുറമുഖത്ത് മേഖലയിലെതന്നെ എറ്റവും വലിയ ഭക്ഷ്യസംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർത്തിയാക്കുന്നത്.
ഖത്തർ ദേശീയ വിഷൻ 2030, ഖത്തർ ദേശീയ ഭക്ഷ്യ സുരക്ഷപദ്ധതി എന്നിവയുടെ ഭാഗമായാണ് ഈ അത്യാധുനിക കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. അരി, ഭക്ഷ്യ എണ്ണകൾ, പഞ്ചസാര എന്നീ മൂന്ന് അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങൾ വ്യത്യസ്ത ശേഷിയിൽ സുരക്ഷിതമായി സംഭരിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ വികസിപ്പിച്ചത്.
രണ്ടു വർഷത്തെ സമയപരിധിയിൽ മൂന്നു ദശലക്ഷം പേർക്ക് ആവശ്യമായ അളവ് ഉൽപന്നങ്ങൾ ഉയർന്ന കാര്യക്ഷമതയോടെയും സുരക്ഷയോടെയും സംഭരിക്കാൻ ഇതിന് സാധിക്കുമെന്ന് നബീൽ അൽ ഖാലിദി പറഞ്ഞു.
ദേശീയ ഭക്ഷ്യസുരക്ഷ നയത്തിന് അനുസൃതമായി രാജ്യത്തിന്റെ കരുതൽ സംഭരണശേഷി വർധിപ്പിക്കുന്നതിലും, ഭക്ഷണം, ഉപഭോക്താവ്, കാറ്ററിങ് സാധനങ്ങൾ എന്നിവയുടെ സംഭരണ സംവിധാനം സുരക്ഷിതമാക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും എസ്.എഫ്.എസ്.എഫ് സുപ്രധാന പങ്കുവഹിക്കും.
ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലെ ഖത്തറിന്റെ പുരോഗതിക്ക് അനുസൃതമായി 2024-2030 കാലയളവിലേക്കുള്ള ദേശീയ ഭക്ഷ്യസുരക്ഷ നയം വികസിപ്പിച്ചതായും ഉടൻ അത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.