ദോഹ: ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഓട്ടോണമസ് വാഹനങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണയാത്രകൾ ആരംഭിച്ചു.
ഓട്ടോണമസ് ബസ്, ഓട്ടോണമസ് ബാഗേജ് ട്രാക്ടർ എന്നിവയുൾപ്പെടെ അത്യാധുനിക ഓട്ടോണമസ് വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓരോ വാഹനങ്ങൾ വിമാനത്താവളത്തിൽ ഉപയോഗിച്ച് തുടങ്ങിയത്.
ഖത്തർ ഏവിയേഷൻ സർവിസസ്, എയർപോർട്ട് ഓപറേഷൻ ആൻഡ് മാനേജ്മെന്റ് കമ്പനിയായ മതാർ, ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് എന്നിവയുമായി സഹകരിച്ചാണ് വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത സംവിധാനം നടപ്പാക്കുക.
ജി.പി.എസ്, എ.ഐ ഡ്രൈവൺ സിസ്റ്റങ്ങൾ, വിവിധ ഇന്റലിജന്റ് സെൻസറുകൾ, ലിഡാറുകൾ തുടങ്ങി നൂതന സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിച്ച ഈ വാഹനങ്ങൾ ഉയർന്ന പ്രവർത്തന സുരക്ഷയും കാര്യക്ഷമതയും നൽകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഏതു കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഇതിന് സാധിക്കും.
കാര്യക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നൂതന സംരംഭമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസർ ഹമദ് അലി അൽ ഖാതിർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഏറ്റവും ആധുനിക രീതിയിലേക്ക് മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓട്ടോണമസ് ഗതാഗത സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.