ദോഹ: 2026-ലെ ആഗോള സമാധാന സൂചികയിൽ (ഗ്ലോബൽ പീസ് ഇൻഡക്സ്) മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെനാ) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി. ആസ്ത്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തുവിട്ട ആഗോള സമാധാന സൂചികയിലാണ് ഖത്തറിന്റെ നേട്ടം. ആഗോളതലത്തിലും പ്രാദേശികതലത്തിലും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും മേഖലയിലെ ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമായി ഖത്തർ മാറിയെന്ന് ദേശീയ ആസൂത്രണ കൗൺസിൽ അറിയിച്ചു. മിഡിലീസ്റ്റ് മേഖലയിലെ ഏറ്റവും സമാധാനഭരിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനും കുവൈത്തിനും തൊട്ടുപിന്നിലായി ഒമാൻ മൂന്നാം സ്ഥാനത്താണ്. യു.എ.ഇ നാലും ജോർഡൻ അഞ്ചും സ്ഥാനത്താണ്.
സാമൂഹിക സുരക്ഷിതത്വ മേഖലയിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. ഈ വിഭാഗത്തിൽ ഖത്തറിന്റെ സ്കോർ മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ടു. സുരക്ഷയും പൊതുസുരക്ഷിതത്വവും നിലനിർത്തുന്നതിൽ ഖത്തറിലെ ഭരണസംവിധാനങ്ങളുടെ ഫലപ്രാപ്തിയും സാമൂഹിക ഐക്യവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എല്ലാ വർഷവും പുറത്തുവിടുന്നതാണ് ആഗോള സമാധാന സൂചിക. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്തർദേശീയ സംഘർഷങ്ങൾ, സൈനികവത്കരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സമാധാന അന്തരീക്ഷം അളക്കുന്നത്. സുസ്ഥിര വികസനം, നിക്ഷേപം, ജനങ്ങളുടെ ജീവിതനിലവാരം എന്നിവ വിലയിരുത്താൻ ഭരണകർത്താക്കൾ ഈ സൂചിക പ്രധാന മാനദണ്ഡമായി കണക്കാക്കുന്നു.
ലോകത്തിലെ ഏറ്റവും സമാധാനഭരിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലൻഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായി 19 ആം വർഷമാണ് ഐസ്‌ലൻഡ് ഈ പദവി നിലനിർത്തുന്നത്. പട്ടികയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തും എത്തി. സ്വിറ്റ്‌സർലൻഡ്, സ്ലൊവേനിയ, അയർലൻഡ്, ഓസ്ട്രിയ, പോർച്ചുഗൽ, സിംഗപ്പൂർ, ഫിൻലൻഡ്, ജപ്പാൻ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. സമാധാന സൂചികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 10 രാജ്യങ്ങളിൽ ഏഴെണ്ണവും യൂറോപ്യൻ മേഖലയിൽ നിന്നുള്ളവയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള സമാധാന അന്തരീക്ഷത്തിൽ 0.7 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികയിലുള്ള 163 രാജ്യങ്ങളിൽ 99 രാജ്യങ്ങളിലെയും സ്ഥിതി മുൻവർഷത്തേക്കാൾ മോശമായിട്ടുണ്ട്. ആഗോളതലത്തിൽ ജനസംഖ്യയിലും സമ്പദ്‌വ്യവസ്ഥയിലും മുന്നിൽ നിൽക്കുന്ന പല പ്രമുഖ രാജ്യങ്ങളും സമാധാന സൂചികയിൽ ഏറെ പിന്നിലാണ്. പട്ടികയിൽ 127 ആം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും അക്രമങ്ങളും കാരണം അമേരിക്ക 134 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്ടികയിൽ 118 ആം സ്ഥാനത്താണ് ചൈന. ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ പാകിസ്താൻ 152 ആം സ്ഥാനത്താണ്. യുദ്ധവും ആഭ്യന്തര കലഹങ്ങളും തുടരുന്ന റഷ്യയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള രാജ്യം; 163 ആംസ്ഥാനം. സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുക്രെയ്ൻ, ഇസ്രായേൽ എന്നിവയാണ് ഏറ്റവും കുറവ് സമാധാനമുള്ള മറ്റ് രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.