ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ ആഗസ്റ്റ് 31നകം സമർപ്പിക്കണമെന്ന് നിർദേശവുമായി ജനറൽ ടാക്സ് അതോറിറ്റി. ഇലക്ട്രോണിക് ടാക്സ് പ്ലാറ്റ് ഫോം വഴിയാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. സമയപരിധി കഴിഞ്ഞാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
ഖത്തറിനകത്ത് കമേഴ്സ്യൽ രജിസ്റ്ററോ വ്യാപാര ലൈസൻസോ ഉള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾ, പൂർണമായി ഖത്തറികളുടെയോ ജി.സി.സി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, വിദേശപങ്കാളിത്തമുള്ള കമ്പനികൾ എന്നിവക്കും തീരുമാനം ബാധകമാണ്.
2018ലെ ആദായ നികുതി നിയമത്തിലെ വിവിധ അനുച്ഛേദങ്ങൾ പ്രകാരമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി. ധരീബ ടാക്സ് പോർട്ടൽ വഴിയാണ് ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്.
സമയപരിധിക്കകം റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നേരത്തേ പ്രഖ്യാപിച്ച, നൂറു ശതമാനം സാമ്പത്തിക പിഴയിളവ് നൽകുമെന്നും അധികൃതർ ആവർത്തിച്ചു. നിബന്ധനകൾക്ക് വിധേയമായി ഏതെങ്കിലും തരത്തിലുള്ള അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ തങ്ങളുടെ ടാക്സ് സ്റ്റാറ്റസ് തീർക്കാനുള്ള അവസരമാണിതെന്നും അതോറിറ്റി ഓർമിപ്പിച്ചു. ധരീബ പോർട്ടൽ വഴി ഇതിനായി പ്രത്യേക ഇളവ് അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകളും നൽകണം.
ഇളവ് പ്രഖ്യാപിച്ച ശേഷം നാലായിരം നികുതി ദായകരാണ് ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 90 കോടി ഖത്തർ റിയാലിന് മുകളിൽ ഇളവു നൽകുകയും ചെയ്തു.
നികുതി സ്വമേധയാ അടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും നികുതി സംവിധാനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.