ദോഹ: ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതിയിൽ ആഗോള തലത്തിൽ തിളങ്ങി ഖത്തർ. ഇന്റർനാഷണൽ ഗ്യാസ് യൂണിയന്റെ (ഐ.ജി.യു) ഏറ്റവും പുതിയ വേൾഡ് എൽ.എൻ.ജി റിപ്പോർട്ട് പ്രകാരം, കഴിഞ്ഞവർഷം 81.5 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതിയാണ് ഖത്തർ നടത്തിയത്. ആഗോള എൽ.എൻ.ജി വ്യാപാരത്തിന്റെ 18.7 ശതമാനം ഖത്തറിൽ നിന്നാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് 4.3 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതിയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ആസ്‌ത്രേലിയയെ പിന്തള്ളി ഖത്തർ ലോകത്തിലെ രണ്ടാമത്തെ വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി. ഖത്തറിന്റെ ഉൽപാദന -സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും, ഉൽപാദന കേന്ദ്രങ്ങൾ പൂർണ ശേഷിയോടെ പ്രവർത്തിച്ചതുമാണ് കയറ്റുമതി വർധിക്കാൻ കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത്, നോർത്ത് ഫീൽഡ് വെസ്റ്റ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഖത്തറിന്റെ എൽ.എൻ.ജി ഉൽപാദന ശേഷി പ്രതിവർഷം 142 ദശലക്ഷം ടൺ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞവർഷം ആഗോള എൽ.എൻ.ജി വ്യാപാരം 437 മില്യൺ ടണ്ണിലെത്തി പുതിയ റെക്കോർഡിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
എൽ.എൻ.ജി കയറ്റുമതിയിൽ ആദ്യ സ്ഥാനത്ത് അമേരിക്കയാണ്. 110.7 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതിയാണ് കഴിഞ്ഞവർഷം അമേരിക്ക നടത്തിയത്. മൂന്നാം സ്ഥാനത്തുള്ള ആസ്‌ത്രേലിയ 80.3 ദശലക്ഷം ടണ്ണും നാലാമതുള്ള റഷ്യ 30.5 ദശലക്ഷം ടണ്ണും കയറ്റുമതി ചെയ്തു. ലോകത്തെ ആകെ എൽ.എൻ.ജി കയറ്റുമതിയുടെ 62 ശതമാനവും വിതരണം ചെയ്തത് അമേരിക്ക, ഖത്തർ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.