കെയർ ദോഹ സംഘടിപ്പിച്ച സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും പരിപാടിയിൽനിന്ന്
ദോഹ: കരിയർ അസിസ്റ്റൻസ്, റിസർച്ച് ആൻഡ് എജുക്കേഷൻ (കെയർ) സംഘടിപ്പിച്ച സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും യൂത്ത് ഫോറം വൈസ് പ്രസിഡന്റ് റഷാദ് മുബാറക് ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ഉദ്യാഗാർഥികൾ മികച്ച രീതിയിൽ തയാറാവേണ്ട ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. പ്രൊഫഷണൽ നിലവാരമുള്ള സി.വി, ആത്മവിശ്വാസത്തോടെയുള്ള ഇന്റർവ്യൂ പ്രകടനം എന്നിവ ഓരോ ഉദ്യോഗാർഥിയുടെയും വിജയത്തിന് നിർണായകമാണ്. യുവജനങ്ങൾ തൊഴിൽ നൈപുണ്യങ്ങൾ തുടർച്ചയായി വികസിപ്പിക്കുകയും ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് നടന്ന ഇന്റർവ്യൂ മാസ്റ്റർക്ലാസിൽ ശബീർ ഹമീദ് ഇന്റർവ്യൂവിന്റെ വിവിധ ഘട്ടങ്ങളിൽ വിജയകരമായി മുന്നേറുന്നതിനുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ പങ്കുവെച്ചു. ഷംസീർ അബൂബക്കർ പ്രൊഫഷണൽ സി.വി തയാറാക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശങ്ങളും, സി.വി രൂപകൽപ്പന ചെയ്യുന്നതിനുള്ള ആധുനിക രീതികളും വിശദീകരിച്ചു. തൊഴിൽ അന്വേഷിക്കുന്നവർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. റഖീബ് മേലാറ്റൂർ, തമീം അമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ തൊഴിൽ, വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സംരംഭമാണ് കരിയർ അസിസ്റ്റൻസ്, റിസർച്ച് ആൻഡ് എജുക്കേഷൻ (കെയർ). കരിയർ മാർഗനിർദേശം, തൊഴിൽ പരിശീലനം, സി.വി ക്ലിനിക്കുകൾ, ഇന്റർവ്യൂ പരിശീലനങ്ങൾ, ഗവേഷണ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെയർ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.