ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ
അൻസാരി
ദോഹ: ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി. ഖത്തറിന്റെ മധ്യസ്ഥതയിൽ തയാറാക്കിയ വെടിനിർത്തൽ കരട് ഹമാസ് സ്വീകരിച്ചതായി അറിയിച്ചതായും, സാഹചര്യങ്ങളിൽ ഏറെ പുരോഗതി കൈവരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ സംബന്ധിച്ച കരട് നിർദേശങ്ങൾ ലഭിച്ചതായും അത് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഹമാസ് അറിയിച്ചതായും ചർച്ചകളിലും മറ്റുമുണ്ടായ പുരോഗതിയാണിതെന്നും അദ്ദേഹം പി.ബി.എസിനോട് പറഞ്ഞു.
ഈ പുരോഗതി വെടിനിർത്തലിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നതെന്നും സമീപഭാവിയിൽ തന്നെ സുസ്ഥിരമായ വെടിനിർത്തൽ പ്രതീക്ഷിക്കുന്നതായും അൽ അൻസാരി വ്യക്തമാക്കി. അടുത്തഘട്ടം എന്തായിരിക്കുമെന്നും അത് എങ്ങനെ പ്രവർത്തിക്കുമെന്നും ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് കരാറിലായാലും സ്ഥിരമായ വെടിനിർത്തലാണ് ഹമാസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവശത്തുനിന്നും പല പ്രസ്താവനകളും നിങ്ങൾക്ക് കേൾക്കാം. പല വിഷയങ്ങളിലും സമാനതകളും ഉണ്ടാകാം. ആത്യന്തികമായി മധ്യസ്ഥതയുടെ സാന്നിധ്യമാണ് അവിടെയുള്ളത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ രണ്ട് ഭാഗത്തുനിന്നുമുള്ള നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് കരട് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോർഡനിലുണ്ടായ പ്രശ്നങ്ങളും അതിന്റെ അനന്തര ഫലങ്ങളും മറ്റു അഭിപ്രായങ്ങളുമെല്ലാം ഗസ്സയിലും ഈ പ്രദേശത്തും മിഡിലീസ്റ്റിലും നടന്നു കൊണ്ടിരിക്കുന്നതിന്റെ ഉപോൽപന്നമാണ്. മേഖലയിലെ ജനങ്ങൾ വലിയ അഭയാർഥി പ്രതിസന്ധിയെ നേരിടുകയാണ്. ഇനിയും കൂടുതൽ യുദ്ധങ്ങൾ ഏറ്റെടുക്കാൻ കഴിയില്ല -അൽ അൻസാരി ചൂണ്ടിക്കാട്ടി.
ഖത്തർ ഹമാസിനെ പിന്തുണക്കുന്നുവെന്ന ആരോപണത്തിന് മറുപടിയായി, ഗസ്സയിലെ സഹായപദ്ധതികൾക്കുള്ള ധനസഹായം ഇസ്രായേലുമായി സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും, ഇനിയും ആരോപണം തുടരാനാണ് ഭാവമെങ്കിൽ അത് ഇസ്രായേലിനെ തന്നെയായിരിക്കും ബാധിക്കുകയെന്നും, കാരണം ഗസ്സയിലേക്കുള്ള എല്ലാ സഹായധനവും ഇസ്രായേലുമായി പൂർണമായും ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.