ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ പരാതികളൊന്നുമില്ലാത്ത ഖത്തറിന്റെ സംഘാടക മികവ് എടുത്തു പറയേണ്ടതാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ യൂത്ത് ടൂർണമെന്റാണ് ഖത്തറിൽ നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടർ 17 ലോകകപ്പ് എന്ന സവിശേഷതയോടെയാണ് ടൂർണമെന്റ് ആരംഭിച്ചത്. 2022 ഫിഫ ലോകകപ്പിനായി നിർമിച്ച പിച്ചുകളും മറ്റു ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളും വീണ്ടും ഉപയോഗപ്പെടുത്താൻ അവസരം ലഭിച്ചു. പ്ലെയേഴ്സിനും ടൂർണമെന്റ് ഒഫീഷ്യൽസിനുമായി ഹോട്ടലുകൾ, പരിശീലന സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ എല്ലാം എടുത്തുപറയേണ്ടതാണ്. ടൂർണമെന്റിനെത്തിയ ടീമുകളെയും ടൂർണമെന്റ് ഒഫിഷ്യൽസിനെയും ദോഹയിലെ 12 ഹോട്ടലുകളിലായാണ് താമസിപ്പിച്ചത്. ഒമ്പത് ദിവസത്തെ ആവേശകരമായ ഗ്രൂപ്പ് ഘട്ടത്തിൽ, പതിനായിരക്കണക്കിന് ഫുട്ബാൾ ആരാധകരാണ് ആസ്പയർ സോണിലെ മൈതാനത്തെ ആവേശത്തിലാക്കി ടൂർണമെന്റിനെ ഫുട്ബാൾ ഉത്സവമാക്കി മാറ്റിയത്. 16 പിച്ചുകളിലായി ആകെ 364 പരിശീലന സെഷനുകൾ ടുർണമെന്റ് ആരഭിക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.
കുടുംബങ്ങളും കുട്ടികളും ഇഷ്ട ടീമുകളെ പ്രോത്സാഹിപ്പിക്കാൻ ആസ്പയർ സോണിലേക്ക് ഒഴുകിയെത്തി. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ 52,657 ഫുട്ബാൾ ആരാധകരാണ് പങ്കെടുത്തത്. ഫുട്ബാളിനപ്പുറം, ടൂർണമെന്റ് സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു, ആരാധകർക്ക് ഫാൻ സോണിൽ വൈവിധ്യമാർന്ന പരമ്പരാഗത പ്രകടനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവ കലാകാരന്മാർക്ക് ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി ടൂർണമെന്റ് പ്രവർത്തിച്ചു.
മത്സരങ്ങൾക്ക് ആസ്പയർ സോണിലെ മൈതാനങ്ങൾ വേദിയായതിനാൽ ആരാധകർക്ക് ഒരു പിച്ചിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പമെത്താൻ സാധിച്ചു. ആരാധകർക്കായി ഫാൻസോണുകളും ലൈവ് പെർഫോമൻസുകളും മ്യൂസിക് ഷോയും കുട്ടികൾക്കായി ഫോർസ് മത്സരങ്ങൾ, ആർട്, ക്രാഫ്റ്റ്, ഇ-സ്പോർട്സ്, ഗെയിം തുടങ്ങിയവയും ഫാൻസോണിൽ അരങ്ങേറി. പൂർണമായും ഉത്സവാന്തരീക്ഷത്തിലണ് ആദ്യഘട്ട മത്സരങ്ങൾ വേദിയായത്.
ഖത്തറിന്റെ ശക്തമായ പൊതുഗതാഗത ശൃംഖല ടൂർണമെന്റ് വേദിയിലേക്ക് എളുപ്പമെത്താൻ വേണ്ടി ഉപയോഗിച്ചു. ദോഹ മെട്രോ വഴി വേദിയിലേക്ക് എളുപ്പത്തിൽ എത്താം. പാർക്ക്, റൈഡ് ഷട്ടിൽ സേവനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക ബസ് ഫ്ലീറ്റ്, ടീമുകൾക്കും കാണികൾക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ പ്രാപ്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.