ഫോക്കസ് ഇന്റർനാഷനൽ ഖത്തർ സംഘടിപ്പിച്ച
സൗഹൃദ സദസ്സിൽനിന്ന്
ദോഹ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ഖത്തറിന്റെ നേതൃത്വത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. തുമാമയിലെ ഫോക്കസ് വില്ലയിൽ നടന്ന ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച് പരസ്പര സഹകരണത്തോടെയും സാഹോദര്യത്തിലൂടെയും ജനാധിപത്യവിശ്വാസികൾ ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ജീവനും രക്തവും നല്കി ഇന്ത്യയെ വൈദേശികാധിപത്യത്തില്നിന്ന് മോചിപ്പിച്ച സ്വാതന്ത്ര്യസമര ചരിത്രപുരുഷന്മാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭരണഘടന നൽകുന്ന സമത്വത്തെയും മതേതരത്വമുൾപ്പടെയുള്ള അടിസ്ഥാന മൂല്യങ്ങളെക്കൂടി മാറ്റി പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമാണെന്ന് ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ച ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് രാജ്യത്തിന്റെ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിയണമെന്ന് അടയാളം ഖത്തർ പ്രതിനിധി പ്രദോഷ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യങ്ങൾ ഒരോന്നായി ഹനിക്കപ്പെടുമ്പോൾ ഡോ. ബി.ആർ. അംബേദ്കറുടെ സാമൂഹ്യ ദർശനത്തിന്റെ ഊന്നൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന് യൂത്ത് ഫോറം പ്രതിനിധി ആരിഫ് അഹമ്മദ് അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ സൗഹൃദത്തിന്റെ, മതേതരത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷയുടെ ചരിത്രം വർത്തമാനകാലത്ത് പറഞ്ഞുകൊണ്ടേയിരിക്കണമെന്നും യുവജന സംഘടനകൾ അതിന് മുന്നിട്ടിറങ്ങണമെന്ന് ഫോക്കസ് ഖത്തർ ഡെപ്യൂട്ടി സി.ഇ.ഒ സഫീറുസ്സലാം പറഞ്ഞു. ചടങ്ങിൽ ഫായിസ് എളയോടൻ സ്വാഗതവും മോഡറേറ്ററായ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.