ദോഹ: നവംബർ -ഡിസംബർ മാസങ്ങളിലായി ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും അറബ് കപ്പിന്റെയും ടിക്കറ്റ് വിൽപന പ്രഖ്യാപിച്ചു. ഫിഫ അറബ് കപ്പിന്റെ ടിക്കറ്റ് വിൽപന സെപ്റ്റംബർ 30ന് ഉച്ചക്ക് മൂന്നു മുതൽ ആരംഭിക്കും. അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന വിസ കാർഡ് ഉടമകൾക്ക് മാത്രമായി ഒക്ടോബർ രണ്ടിന് വൈകിട്ട് മൂന്നു മണിക്ക് തുടങ്ങും.
നവംബർ 3 മുതൽ 27 വരെയാണ് ദോഹയിലെ ആസ്പയർ സോൺ സ്റ്റേഡിയങ്ങളിലാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിന്റെ ഫൈനൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അരങ്ങറും. ഡിസംബർ ഒന്നു മുതൽ 18 വരെയാണ് അറബ് കപ്പ് മത്സരങ്ങൾ നടക്കുക. ആറു ലോകകപ്പ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കഴിഞ്ഞ ദിവസം ഇരു ടൂർണമെന്റുകളുടെയും സ്പോൺസർമാരെയും പ്രഖ്യാപിച്ചിരുന്നു. ഖത്തർ എയർവേസ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്. ഇതുകൂടാതെ, ഡിസംബർ 10, 13, 17 തീയതികളിലായി ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനും രാജ്യം ആതിഥേയത്വം വഹിക്കും.
ഫിഫ അറബ് കപ്പ്
മുന്ന് വിഭാഗങ്ങളിലായാണ് ഫിഫ അറബ് കപ്പിന്റെ ടിക്കറ്റുകൾ ലഭ്യമാവുക. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവടങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങൾ അരങ്ങേറുക. കായിക പ്രേമികൾക്കായി എല്ലാ വേദികളിലും ഫാൻ സോണും ഒരുക്കും. ഇവിടെ വിവിധതരം വിനോദ, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാൻ സാധിക്കും. ഡിസംബർ ഒന്നിന് വൈകിട്ട് 7.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും, ഫലസ്തീൻ -ലിബിയ മത്സരത്തിലെ വിജയിയും തമ്മിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ഏഴു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ഇത് രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് വേദിയാകുന്നത്. ഈ വർഷത്തേതിന് പുറമെ 2029ലും 2033 ലും ഖത്തർ വീണ്ടും അറബ് കപ്പിന് ആതിഥേയത്വം വഹിക്കും.
ഫിഫ അണ്ടർ 17 ലോകകപ്പ്
ഫിഫ അണ്ടർ 17 ലോകകപ്പ് ടിക്കറ്റുകൾ ഡേ പാസ് ഓപ്ഷനുകളായി ലഭ്യമാകും. 20 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഡേ പാസിലൂടെ ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധി കായിക, വിനോദ പരിപാടികളും ആസ്വദിക്കാൻ സാധിക്കും. ആരാധകർക്ക് പ്രൈം മാച്ച് പാസും വാങ്ങാനാകും. ഇതിലൂടെ വാശിയേറിയ മത്സരങ്ങളുടെ സീറ്റുകൾ റിസർവ് ചെയ്യാൻ സാധിക്കും. ദോഹയിലെ ആസ്പയർ സോൺ സമുച്ചയത്തിലാണ് ഫൈനൽ ഒഴികെയുള്ള മുഴുവൻ മത്സരങ്ങളും നടക്കുക. ഒരു ദിവസം എട്ട് മത്സരങ്ങൾ നടക്കും, ആകെ 104 മത്സരങ്ങളാണുള്ളത്. നവംബർ 27ന് വൈകീട്ട് ഏഴു മണിക്ക് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. രണ്ട് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്, വില 15 റിയാൽ മുതൽ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ അഞ്ച് പതിപ്പുകളിൽ ആദ്യത്തെ ഫിഫ അണ്ടർ 17 ലോകകപ്പാണ് ഈ വർഷം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.