ദോഹ: ഫിഫ അറബ് കപ്പിൽ അരങ്ങേറ്റക്കാരായ കോമറോസിനുമേൽ (3-1) സമ്പൂർണ ആധിപത്യം ഉറപ്പാക്കി മൊറോക്കോ വിജയം. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ മൊറോക്കോ ഗംഭീര തുടക്കമാണ് നൽകിയത്. തുടക്കത്തിൽതന്നെ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കോ താരങ്ങൾ കളിയിലുടനീളം കോമറോസിന്റെ ഗോൾ വല കുലുക്കാനുള്ള ശ്രമങ്ങൾ നടത്തി.
ഫിഫ അറബ് കപ്പിന്റെ രണ്ടാം ദിവസത്തെ ആദ്യ ടൂർണമെന്റിൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ മൊറോക്കോ ആരാധകർ ആർപ്പുവിളികളും ആവേശവും നിറച്ചപ്പോൾ, കളിക്കളത്തിൽ താരങ്ങൾ നിറഞ്ഞുകളിച്ചു.
കഴിഞ്ഞ ദിവസം അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഫിഫ അറബ് കപ്പ് ഉദ്ഘാടന ചടങ്ങിനെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഗാലറിയെ അഭിവാദ്യം ചെയ്യുന്നു
ആദ്യ മിനിറ്റുകളിൽ തന്നെ മൊറോക്കോ ഗോൾ നേടി കോമറോസിനെ പ്രതിസന്ധിയിലാക്കി. സൂഫിയാൻ ബൂഫ്റ്റിനിയാണ് അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടി സ്കോറിങ് ആരംഭിച്ചത്. ഒസാമ തന്നാനെയെടുത്ത കോർണർ കിക്ക് സൂഫിയാൻ ബൂഫ്റ്റിനി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മിനിറ്റുകൾക്കു ശേഷം രണ്ടാമത്തെ ഗോളും താരിഖ് തിസ്സൗദലിയിലൂടെ മൊറോക്കോ നേടിയപ്പോൾ, കോമറോസിന്റെ പതനം ഉറപ്പാക്കുന്നതായിരുന്നു. ഒസാമ തന്നാനെയെടുത്ത കോർണർ താരിഖ് തിസ്സൗദലി പോസ്റ്റിലേക്ക് അടിച്ചുകയറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ, അധിക സമയത്ത് കരീം അൽ ബെർക്കായിയിലൂടെ മൂന്നാമത്തെ ഗോളും മൊറോക്കോ നേടിയപ്പോൾ കോമറോസിന്റെ തകർച്ചയുറപ്പാക്കുന്നതായിരുന്നു.
കോമറോസിനെതിരെ ഗോൾ നേടിയ കരീം അൽ ബെർക്കായുടെ ആഹ്ലാദം
എന്നാൽ, രണ്ടാം പാതിയിൽ ഗോൾ നേടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഗോളുകൾ കണ്ടെത്താൻ മൊറോക്കോ താരങ്ങൾക്ക് സാധിച്ചില്ല. അതേസമയം, കോമറോസിന്റെ സൈദ് അമീർ എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനിടെ മൊറോക്കോയുടെ പ്രതിരോധ താരം മുഹമ്മദ് ബൗലക്സൂട്ടിന്റെ ഓൺ ഗോളിലൂടെ കോമറോസിന് ആശ്വാസ ഗോൾ നേടിക്കൊടുത്തു.
ഇന്നലെ നടന്ന രണ്ടാമത്തെ കളിയിൽ, അവസാന നിമിഷം ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി കുവൈത്തിനെതിരെ നാടകീയമായ സമനില നേടി ഈജിപ്ത്. മുഹമ്മദ് അഫ്ഷയാണ് പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയത്. നേരത്തേ, കുവൈത്തിനുവേണ്ടി ഫഹദ് അൽ ഹാജിരി 64ാം മിനിറ്റിൽ ഗോൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.