ദോഹ: ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച് 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' ഖത്തറിൽ ഒരുങ്ങുന്നു. ദോഹയിൽ ആദ്യമായി നടക്കുന്ന ടാറ്റൂ ഫെസ്റ്റിവലിന് ഡിസംബർ 16 മുതൽ 20 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും.
ആഭ്യന്തരമന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ദോഹയിൽ പരിപാടി. കതാറ കൾചറൽ വില്ലേജിൽ നടക്കുന്ന പരിപാടിയിൽ ദേശീയ-അന്തർദേശീയ ബാൻഡുകൾ അണിനിരക്കും. സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ എന്നിവയുൾപ്പെടെ വിവിധ ഇവന്റുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും.
ബ്രിട്ടനിൽനിന്നുള്ള ഐറിഷ് ഗാർഡും റോയൽ എയർഫോഴ്സ് മ്യൂസിക് സർവിസും യു.എസിൽനിന്ന് എയർഫോഴ്സ് ഓണർ ഗാർഡും തുർക്കിയിൽ നിന്നുള്ള ഓട്ടോമൻ മെഹ്തർ ബാൻഡിന്റെയും പങ്കാളിത്തം ഫെസ്റ്റിവലിൽ ഉണ്ടാകും. കൂടാതെ, ജോർഡനിലെ ആംഡ് ഫോഴ്സ് ബാൻഡ്, റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡ്, കസാഖ് പ്രതിരോധ മന്ത്രാലയത്തിന്റെ സെൻട്രൽ മിലിട്ടറി ബാൻഡ് എന്നിവ പങ്കെടുക്കും.
പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്ന ഖത്തരി മ്യൂസിക്കൽ യൂനിറ്റ്, അമീരി ഗാർഡ്, സാംസ്കാരിക മന്ത്രാലയം, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര എന്നിവയുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ശ്രദ്ധേയമാകും.
മേഖലയിൽ ആദ്യമായാണ് ഖത്തർ ടാറ്റൂ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ നിയമോപദേഷ്ടാവും സംഘാടക സമിതി ചെയർമാനുമായ മേജർ ജനറൽ ഡോ. അബ്ദുല്ല യൂസുഫ് അൽ മാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാംസ്കാരിക -കലാ കൈമാറ്റത്തിനുള്ള വേദിയെന്ന നിലയിൽ ദോഹയുടെ പങ്ക് അടിവരയിടുന്നതാകും പരിപാടി. https://tickets.virginmegastore.me/qa/dohatatoo വഴി പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടക സമിതി അറിയിച്ചു. ടിക്കറ്റുകൾ 15, 30, 100 റിയാൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.