ദോഹ: പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച നിബന്ധനകളിൽ പലതും ക്ലേശകരവും സമയബന്ധിതമായി നിർവഹിക്കുവാൻ പ്രയാസമുള്ളതുമാണെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ചാലും, അപേക്ഷയുടെ ഫിസിക്കൽ കോപ്പി നേരിട്ടോ തപാൽ വഴിയോ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫിസർമാർക്ക് സമർപ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടർമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസകരമാണ്.
ജൂലൈ 28നാണ് കരട് വോട്ടർ ലിസ്റ്റ് പ്രഖ്യാപിച്ചത്. നിലവിലെ വിജ്ഞാപനമനുസരിച്ച് വോട്ടു ചേർക്കുവാനുള്ള അവസരം ആഗസ്റ്റ് ഏഴുവരെയാണ്. ഈ കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫിസിൽ നേരിട്ടോ /തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ളതാണ്. വോട്ടു ചേർക്കാനുള്ള സംവിധാനം ഓൺലൈൻ വഴിയാക്കിയ തീരുമാനം ശ്ലാഘനീയമാണെന്നും എന്നാൽ, ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികൾക്ക് ലഭ്യമാവണമെങ്കിൽ പ്രായോഗികമായ പ്രയാസങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്. ഇതിനു പരിഹാരമായി പ്രവാസികൾക്ക് വോട്ട് ചേര്‍ക്കാൻ രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കാൻ അനുവദിക്കുക, സമയപരിധി ദീർഘിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കണം. എല്ലാവർക്കും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ പങ്കെടുക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് മുന്നോട്ടു വരണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടുവാനുള്ള അവസരം എന്നതിനോടപ്പം ജനാധിപത്യ സംവിധാനം പൗരന് നൽകുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കണമെന്നും വിഷയം ഭരണപക്ഷും പ്രതിപക്ഷവും അധികാരികളും രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ ഉന്നയിക്കുകയും വേണം. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി എന്നിവർക്ക് കത്തയക്കാൻ തീരുമാനിച്ചതായും കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.