ദോഹ: പൊതുഗതാഗത വാഹനങ്ങളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായി മാറ്റിയതായി ഖത്തർ. 2022ഓടെ 25 ശതമാനം പൊതുഗതാഗത ബസുകൾ വൈദ്യുതോർജത്തിലേക്ക് മാറ്റുന്നതിന് 2020ൽ ഖത്തർ ലക്ഷ്യമിട്ടിരുന്നു. പൊതുഗതാഗത ബസുകൾ, സർക്കാർ സ്കൂൾ ബസുകൾ, ദോഹ മെേട്രാ ഫീഡർ ബസുകൾ എന്നിവ ഘട്ടംഘട്ടമായി വൈദ്യുതോർജത്തിലേക്ക് മാറും. 2030ഓടെ ബസുകളിൽനിന്നുള്ള ദോഷകരമായ കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിനാവശ്യമായ റോൾ ഔട്ട് ശതമാനത്തിൽ എത്തിക്കാൻ ഇത് സഹായിക്കും.
പൊതുഗതാഗത സംവിധാനങ്ങൾ 25 ശതമാനം പരിസ്ഥിതി സൗഹൃദ മോഡിലേക്ക് മാറ്റുകയെന്ന ലക്ഷ്യം ഖത്തർ വിജയകരമായി മറികടന്നിരിക്കുകയാണ്. 2030ഓടെ പൊതുഗതാഗതവും സ്കൂൾ ഗതാഗതവും പൂർണമായും പരിസ്ഥിതി സൗഹൃദമായി മാറുമെന്നും ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അഹ്മദ് അൽ സുലൈതി മാധ്യമങ്ങളോട് പറഞ്ഞു.
കർവ സിറ്റി ടാക്സികൾക്ക് പകരം ഹൈബ്രിഡ് ഇലക്ട്രിക് ഇക്കോ ടാക്സികൾ കൊണ്ടുവരുമെന്ന് മുവാസലാത്ത് (കർവ) ഈ വർഷം മേയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ വാഹനങ്ങൾ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. അത് കാര്യക്ഷമമായ ലോ എമിഷൻ ഗ്യാസോലിൻ, ഇലക്ട്രിക് മോട്ടോർ എന്നിവയുടെ മിശ്രിതത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ട് അപ് ചെയ്യുമ്പോഴും നിർത്തുമ്പോഴും പതുക്കെ നീങ്ങുമ്പോഴും വാഹനം പൂർണമായും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക.
അൽ സുഡാൻ, ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്റ, എജുക്കേഷൻ സിറ്റി, ലുസൈൽ, ഗറാഫ, മുശൈരിബ് എന്നിവിടങ്ങളിൽ ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങൾ ഘടിപ്പിച്ച എട്ട് ബസ് സ്റ്റേഷനുകൾ മുവാസലാത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. വെസ്റ്റ് ബേ സെൻട്രൽ ബസ് സ്റ്റേഷൻ പ്രവർത്തനം ഈ വർഷം നവംബറിൽ ആരംഭിക്കും.2022 ഫിഫ ലോകകപ്പിൽ വൈദ്യുതീകരിച്ച ബസുകളാണ് പൊതുഗതാഗതത്തിനായി പ്രവർത്തിപ്പിക്കുക. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന ആദ്യ ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ് കൂടിയായിരിക്കും ഖത്തറിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.