എമറാൾഡ് അസൂറ ദോഹ തുറമുഖത്തെത്തിയപ്പോൾ
ദോഹ: 138 വിനോദസഞ്ചാരികളുമായി ‘എമറാൾഡ് അസൂറ’ എന്ന സൂപ്പർയാച്ച് ദോഹ തുറമുഖത്തെത്തി. 110 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഈ സൂപ്പർ യാച്ചിന്റെ പ്രവർത്തനത്തിന് എമറാൾഡ് ക്രൂസാണ് മേൽനോട്ടംവഹിക്കുന്നത്. ആസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിക് ഗ്രൂപ്പിന്റെ ഭാഗമാണ് എമറാൾഡ് അസൂറ.
എമറാൾഡ് ക്രൂസും ദോഹ ടൂറിസവും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ചെറുകപ്പൽ ദോഹ പോർട്ടിലെത്തിയത്. വിയറ്റ്നാമിലെ ഹാലോങ് ഷിപ് ബിൽഡിങ് കമ്പനിയിലാണ് എമറാൾഡ് അസൂറ നിർമിച്ചത്. അഡ്രിയാറ്റിക് തീരം, ചെങ്കടൽ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലെ യാത്രക്കായാണ് സൂപ്പർയാച്ച് രൂപകൽപന ചെയ്തിരിക്കുന്നത്. 5175 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടിതിന്. ‘എമറാൾഡ് അസൂറ ദോഹയിൽനിന്ന് ഏഴ് രാത്രിയും എട്ട് പകലുമുള്ള യാത്രകളാണ് നടത്തുക. അബൂദബിയിലെ സർ ബനി യാസ് ദ്വീപ്, ഒമാനിലെ ഖസബ്, യു.എ.ഇയിലെ ഫുജൈറ, ഒമാനിലെ സിഗി ബേ, ദുബൈ എന്നീ ക്രമത്തിലും തിരിച്ചും സഞ്ചരിക്കും’ -ഇൗയിടെ ട്വീറ്റിൽ ഖത്തർ ടൂറിസം അറിയിച്ചിരുന്നു. ഈ ക്രൂസ് സീസണിൽ ദോഹയിലേക്ക് 76 ക്രൂസ് കപ്പലുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മവാനി ഖത്തർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.