പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാത്രി കതാറയിൽ നടന്ന വെടിക്കെട്ട്
ദോഹ: കോവിഡാനന്തരമെത്തിയ പെരുന്നാളിനെ ആഘോഷമാക്കി മാറ്റി ഖത്തറിലെ സ്വദേശികളും പ്രവാസികളും. വ്രതവിശുദ്ധിയുടെ 30 ദിനങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച ഗൾഫ് നാടുകളിലെ വിശ്വാസികൾക്കൊപ്പം പെരുന്നാളിനെ വരവേറ്റ ഖത്തറിന് ഇനി ആഘോഷങ്ങളുടെ കാലമാണ്. രാവിലെ 5.12ന് നടന്ന നമസ്കാരങ്ങളോടെയായിരുന്നു തുടക്കം. പള്ളികളും ഈദ്ഗാഹുകളുമായി 520 സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനായി ജനം ഒഴുകിയെത്തി. രണ്ടു വർഷക്കാലം കോവിഡിന്‍റെ നിയന്ത്രണങ്ങളിൽ സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കണിശമായി പാലിച്ചുമായിരുന്നു ഈദ് എങ്കിൽ ഇത്തവണ സ്ത്രീകളും കുട്ടികളുമായി എല്ലാ വിഭാഗം ജനങ്ങളും ആഘോഷത്തോടെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടു.
അതിരാവിലെ നമസ്കാര സ്ഥലങ്ങളിൽ ഇടം പിടിച്ചവർ, തക്ബീറുകൾ മുഴക്കി പെരുന്നാളിനെ വരവേറ്റു. എല്ലായിടങ്ങളിലും 5.12നായിരുന്നു നമസ്കാരം. തുടർന്ന് ഹ്രസ്വമായ പ്രഭാഷണത്തിൽ റമദാനിലെ വ്രതവിശുദ്ധിയുടെ മഹത്വവും, ആഘോഷങ്ങളുടെ സന്ദേശവും ഖതീബുമാർ ഉദ്ബോധിപ്പിച്ചു.
ലോകമുസ്ലികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തും നന്മകൾക്കായി പ്രാർഥിച്ചും പ്രഭാഷണം നിർവഹിച്ചു.
കോവിഡ് ഭീത അകന്ന്, ആരോഗ്യ സുരക്ഷ കൈവരിച്ച സാഹചര്യത്തിൽ കൂടുതൽ സ്നേഹവും സൗഹാർദവും പങ്കുവെക്കാനായിരുന്നു നമസ്കാര ശേഷം വിശ്വാസികൾ സമയം കണ്ടെത്തിയത്. പരസ്പരം ആശ്ലേഷിച്ചും സലാം ചൊല്ലിയും അഭിവാദ്യം ചെയ്തുമെല്ലാം അവർ മഹാമാരിക്ക് മുമ്പത്തെ ആഘോഷപ്പൊലിമയിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ രണ്ടു വർഷമായി നഷ്ടമായ ആഘോഷങ്ങൾ തിരിച്ചെത്തിയതിന്‍റെ സന്തോഷം പങ്കുവെച്ചാണ് കോഴിക്കോട് സ്വദേശിയായ ജംഷീദ് പെരുന്നാളിനെ കുറിച്ച് സംസാരിച്ചത്. 'ഒരു തവണ ക്വാറന്‍റീനിലായതിനാൽ പെരുന്നാൾ തന്നെ ഇല്ലാതായി. അടുത്ത തവണ നമസ്കാരം നിർവഹിച്ചെങ്കിലും, കൂട്ടുകാരെ കാണാനും ആഘോഷിക്കാനും കഴിഞ്ഞുമില്ല. എന്നാൽ, ഇക്കുറി അതിന്‍റെ എല്ലാ നഷ്ടങ്ങളും മായ്ക്കുന്നതായിരുന്നു പെരുന്നാൾ. ഈദ് ഗാഹിനായി നേരത്തെ തന്നെ അൽ അറബി സ്പോർട്സ് സ്റ്റേഡിയത്തിൽ നമസ്കാര ശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം കാണാനും സൗഹൃദവും സ്നേഹവും പങ്കുവെക്കാനും കഴിഞ്ഞു. എല്ലാവരും ഒന്നിച്ച് ഫോട്ടോയെടുത്താണ് പിരിഞ്ഞത്' -ദോഹ ഹിലാലിൽ താമസക്കാരനായ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും, ഈദ് ഗാഹിലെത്തിയതോടെ പെരുന്നാളിന്‍റെ ആ പഴയ ആഘോഷം പൂർണമായും അനുഭവിക്കാനായെന്നും വക്റയിൽ താമസിക്കുന്ന അബ്ദുൽ ഗഫൂർ പറഞ്ഞു.
'2020ലെ ചെറിയ പെരുന്നാളിന് റൂമിലായിരുന്നു നമസ്കാരം. കഴിഞ്ഞ തവണ നാട്ടിലായിരുന്നു. ഇത്തവണ സന്ദർശനത്തിനെത്തിയ കുടുംബത്തിനൊപ്പമാണ് പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കൂട്ടുകാരെയും നാട്ടുകാരെയുമെല്ലാം കണ്ടു സന്തോഷം പങ്കിട്ടു.
വൈകുന്നേരം റൗദത്തുൽ ഖൈൽ പാർക്കിൽ മണിക്കൂറുകളോളം ചിലവഴിക്കുകയും രാത്രിയിൽ കതാറിയിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. വരും ദിനങ്ങളിൽ ദോഹ കോർണിഷിലും പോകാനുള്ള ഒരുക്കത്തിലാണ്' -ദോഹ നജ്മയിൽ താമസിക്കുന്ന മുഹമ്മദ് സിദ്ദീഖ് മാഹി പറയുന്നു.
ഖത്തറിലെത്തിയ ശേഷം വലിയ ആഗ്രഹമായിരുന്നു ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുകയെന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കോവിഡ് കാരണം പെരുന്നാളിന് പള്ളിയിൽ പോകാൻ കഴിഞ്ഞില്ല. ഇത്തവണ പെരുന്നാളിന് അതിരാവിലെ തന്നെ ഇവിടെയെത്തി കുട്ടികൾക്കൊപ്പം നമസ്കാരം നിർവഹിക്കാൻ കഴിഞ്ഞു. മിഠായിയും പെരുന്നാൾ സമ്മാനങ്ങളും ലഭിച്ചത് കുട്ടികൾക്കും സന്തോഷമായി. - മതാർഖദീമിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനി റാഷിദ സിദ്ദീഖ് പറയുന്നു.
പെരുന്നാൾ നമസ്കാരത്തിനു ശേഷം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും, വൈകുന്നേരങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പാർക്കുകളിലും മാളുകളിലും ചിലവഴിച്ചും, ബീച്ചുകളിലെത്തിയുമെല്ലാമായിരുന്നു പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പെരുന്നാൾ ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.